ന്യൂഡൽഹി: ഉയർന്ന പണപ്പെരുപ്പം കാരണം ജനത്തിന്റെ സമ്പാദ്യം അതിവേഗം കുറയുകയാണെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ‘‘ബിജെപി മറ്റ് പാർട്ടികളിൽനിന്ന് ‘ഷോപ്പിങ്’ നടത്തുന്ന തിരക്കിലാണ്, പക്ഷേ, സാധാരണക്കാരന് അവശ്യവസ്തുക്കൾ പോലും വാങ്ങാൻ കഴിയുന്നില്ല’’ – കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി.
മോദി സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്റ് ദുരന്തം മൂലം വീടുകൾ തകരുകയാണെന്ന് ശനിയാഴ്ച എക്സിൽ പങ്കുവച്ച പോസ്റ്റിൽ ഖർഗെ ആരോപിച്ചു. ‘‘പണപ്പെരുപ്പം മൂലം സമ്പാദ്യം വേഗത്തിൽ ഇല്ലാതാകുന്നു. വിലക്കയറ്റം, പ്രതീക്ഷകളോടുള്ള വഞ്ചന, അസമത്വം, ആഗോള വിശ്വാസ്യതയിലെ ഇടിവ്, യുവജനരോഷം…’’ – കുറിപ്പിൽ പറയുന്നു.
റീട്ടെയിൽ പണപ്പെരുപ്പം (ചില്ലറ വിലക്കയറ്റത്തോത്) 16 മാസത്തെ ഉയർന്ന നിലയിലാണെന്നും ഭക്ഷ്യ വിലക്കയറ്റം 4.78 ശതമാനമായെന്നും ഖർഗെ ചൂണ്ടിക്കാട്ടി. ‘‘തക്കാളി ആളുകളുടെ പ്ലേറ്റിൽനിന്ന് അപ്രത്യക്ഷമായി. ആരോഗ്യ രംഗത്തെ വിലക്കയറ്റം 15 ശതമാനത്തിന് മുകളിൽ. രൂപ കുഴിയിലേക്കു താഴുന്നു. വിദേശ നിക്ഷേപകർ നമ്മെ ഉപേക്ഷിക്കുന്നു. യുവാക്കൾക്കു ജോലിയില്ല, തൊഴിലില്ലായ്മ കുതിക്കുന്നു.’’ – അദ്ദേഹം കുറിച്ചു.
ബിജെപി മറ്റു പാർട്ടികളിൽനിന്നു നേതാക്കളെ ചേർക്കുന്ന തിരക്കിലാണെന്നും സാധാരണക്കാരന് അടിസ്ഥാന സൗകര്യങ്ങൾ പോലും താങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ പരാജയപ്പെട്ടതിന്റെ ഫലമാണ് ജനജീവിതം ദുസ്സഹമാകുന്നതെന്ന് ഖാർഗെ ആരോപിച്ചു.
