
നിർമിതബുദ്ധിയുടെ (എഐ) ദ്രുതഗതിയിലുള്ള വളർച്ചയോടെ മനുഷ്യന്റെ തൊഴിൽ സങ്കൽപ്പങ്ങളിൽ വൻ മാറ്റങ്ങളുണ്ടാകുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ഉൽപ്പാദനക്ഷമത വൻതോതിൽ ഉയരുന്നതോടെ ആഴ്ചയിൽ വെറും മൂന്ന് ദിവസം മാത്രം ജോലി ചെയ്ത് കുടുംബത്തെ മികച്ച രീതിയിൽ സംരക്ഷിക്കാൻ തൊഴിലാളികൾക്ക് സാധിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫോക്സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബെസോസ് സാങ്കേതിക മുന്നേറ്റത്തെക്കുറിച്ചുള്ള തന്റെ ശുഭാപ്തിവിശ്വാസം പങ്കുവെച്ചത്. കുറഞ്ഞ ജോലി സമയം കൊണ്ട് ആവശ്യത്തിന് വരുമാനം നേടാൻ എഐ വഴിയൊരുക്കുന്നതോടെ തൊഴിലിനെക്കുറിച്ചുള്ള ജനങ്ങളുടെ പൊതു കാഴ്ചപ്പാട് തന്നെ മാറും.
ഉയർന്ന ഉത്പാദനക്ഷമത കൂടുതൽ സമ്പത്ത് സൃഷ്ടിക്കുന്നതോടെ ആളുകൾക്ക് എത്ര സമയം ജോലി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കും. എഐയുടെ വരവ് വൻതോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും, കുറഞ്ഞ സമയം കൊണ്ട് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ കഴിയുന്നതിനാൽ ഭാവിയിൽ തൊഴിലാളികളുടെ ദൗർലഭ്യമാകും സ്ഥാപനങ്ങൾ നേരിടേണ്ടി വരികയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മികച്ച ജീവിതനിലവാരം പുലർത്താൻ ഇനി കുടുംബത്തിലെ രണ്ടുപേരുടെയും വരുമാനം ആവശ്യമില്ലാത്ത സാഹചര്യം ഉണ്ടായേക്കാം. ഇതോടെ തൊഴിലുടമകൾക്ക് അനുയോജ്യരായ ജോലിക്കാരെ കണ്ടെത്തുന്നത് കടുത്ത വെല്ലുവിളിയാകും.
എഐയുടെ ദീർഘകാല നേട്ടങ്ങളിൽ പ്രത്യാശ പ്രകടിപ്പിക്കുമ്പോഴും നിലവിലെ എഐ കുതിപ്പ് ഒരു കുമിളയാണോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയില്ലെന്ന് ബെസോസ് സമ്മതിക്കുന്നു. സാങ്കേതികവിദ്യ സമൂഹത്തിന് ഗുണകരമാണെങ്കിലും ഏതൊക്കെ കമ്പനികൾ ഇതിൽ വിജയിക്കുമെന്നോ തകരുമെന്നോ പ്രവചിക്കുക അസാധ്യമാണ്. എഐ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ലൗഡ് കമ്പ്യൂട്ടിംഗിനുമായി ആമസോൺ കോടിക്കണക്കിന് ഡോളറുകൾ നിക്ഷേപിക്കുന്നുണ്ട്. ഒപ്പം അദ്ദേഹത്തിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിനും ബഹിരാകാശ അധിഷ്ഠിത ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള പ്ലാനുകളുമായി രംഗത്തുണ്ട്. എന്നാൽ എഐയെക്കുറിച്ച് വലിയ ശുഭപ്രതീക്ഷ പങ്കുവെക്കുമ്പോഴും ആമസോണിൽ സമീപകാലത്ത് നടന്ന വൻ തസ്തിക വെട്ടിക്കുറയ്ക്കലുകൾ ആശങ്കകൾക്കിടയാക്കുന്നുമുണ്ട്.
തൊഴിൽ സമയം കുറയുമെന്ന പ്രവചനവുമായി ബെസോസിന് പുറമെ മറ്റ് പ്രമുഖ ടെക് സി.ഇ.ഓമാരും രംഗത്തെത്തിയിട്ടുണ്ട്. ഭാവിയിൽ ജോലി സമയം ആഴ്ചയിൽ നാല് ദിവസമായി ചുരുങ്ങുമെന്ന് എൻവിഡിയ സി.ഇ.ഒ ജെൻസൺ ഹുവാങ്ങും, രണ്ട് ദിവസമായി കുറയുമെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും വ്യക്താക്കിയിരുന്നു. എഐയും റോബോട്ടിക്സും യോജിച്ച് പ്രവർത്തിക്കുന്നതോടെ സാർവത്രിക ഉയർന്ന വരുമാനം ഉറപ്പാകുമെന്നും, അതോടെ ജോലി ചെയ്യുക എന്നത് മനുഷ്യന്റെ നിർബന്ധിത ആവശ്യമല്ലാതായി മാറുമെന്നുമാണ് ടെസ്ല മേധാവി ഇലോൺ മസ്കിന്റെ അഭിപ്രായം.
