
തിരുവനന്തപുരം: എക്സൈസ് കമ്മീഷണറായിരിക്കെ സ്ഥലംമാറ്റ ഉത്തരവിന്റെ പേരിൽ ഡോ. വി. ശ്രീറാം സാംബശിവ റാവു തന്ന ഭീഷണിപ്പെടുത്തിയെന്ന് കാട്ടി എക്സൈസ് ഇൻസ്പെക്ടർ ആരോൺ കോശി വർഗീസ് പരാതി നൽകി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരുടെയും ഇൻസ്പെക്ടർമാരുടെയും സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്ന ചുമതല വഹിച്ചിരുന്ന ആരോൺ, എക്സൈസ് മന്ത്രി എം. ലിജുവിനാണ് ഇതുസംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് സ്ഥലംമാറ്റ പട്ടിക തയ്യാറാക്കുന്നതിനുള്ള ചുമതല ആരോൺ ഏറ്റെടുത്തത്. തുടർന്ന് മൂന്നാം തീയതി പട്ടിക പൂർത്തിയാക്കുകയും നാലാം തീയതി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഇതിന്റെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ നടപടിക്രമങ്ങൾ പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കിടയാക്കിയ സംഭവം നടക്കുന്നത്.
ആറാം തീയതി രാവിലെ ആരോണിനെയും സെക്ഷൻ സൂപ്രണ്ടിനെയും എക്സൈസ് കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പട്ടിക താൻ കണ്ടില്ലെന്ന് ആരോപിച്ച് ശകാരിക്കുകയും, എക്സൈസ് അസോസിയേഷനും മന്ത്രിയുടെ ഓഫീസും ഇടപെട്ടാണ് പട്ടിക തയ്യാറാക്കിയതെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ആരോണിന്റെ ആരോപണം.
