Your Image Description Your Image Description

ന്യൂഡൽഹി: ശനിയാഴ്ച പുലർച്ചെ ഗുരുഗ്രാമിലെ ദേശീയപാതയിൽ അതിവേഗത്തിൽ വന്ന ഒരു മഹീന്ദ്ര ഥാർ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്തർപ്രദേശിൽ നിന്ന് ഗുരുഗ്രാമിലേക്ക് ജോലിക്ക് വന്ന മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

പുലർച്ചെ 4:30 ഓടെ ഹൈവേയിലെ എക്സിറ്റ് നമ്പർ 9 ന് സമീപമാണ് ദാരുണമായ അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ഥാർ പൂർണ്ണമായി തകർന്നു. അപകടത്തിൽ നാല് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ചികിത്സയിൽ കഴിയുന്ന മറ്റൊരാളുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം ഡൽഹിയിലെ മോട്ടി നഗർ പ്രദേശത്ത് അതിവേഗത്തിൽ വന്ന ഒരു ഥാർ ബൈക്കിനെ ഇടിച്ച് ഒരു ബൈക്ക് യാത്രികൻ മരിച്ചിരുന്നു. മറ്റൊരു സംഭവത്തിൽ, ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ അമിതവേഗതയിൽ വന്ന താർ ഇടിച്ച് ഒരു കാൽനടയാത്രക്കാരനും മരിച്ചിരുന്നു.

Related Posts