
ആഭ്യന്തര ക്രിക്കറ്റിലൂടെ നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാനുള്ള പാകിസ്ഥാൻ താരം ബാബർ അസമിന്റെ ശ്രമങ്ങൾക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി. പാകിസ്ഥാലെ പ്രധാന ആഭ്യന്തര ടൂർണമെന്റായ ക്വെയ്ദ്-ഇ-അസം ട്രോഫിയിൽ ലാഹോർ വൈറ്റ്‌സ് ടീമിനായി കളിക്കാനിറങ്ങിയ ബാബറിന് കഴിഞ്ഞ ദിവസം നടനാണ് മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഫത്ത ടീമിനെതിരായ മത്സരത്തിൽ 28, 42 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകൾ.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിൽ പുറത്തായതിന് പിന്നാലെ രോഷം നിയന്ത്രിക്കാനാകാതെ താരം തന്റെ ബാറ്റ് പിച്ചിൽ അടിച്ചാണ് ഗ്രൗണ്ട് വിട്ടത്. 77 പന്തിൽ 42 റൺസെടുത്ത് ക്രീസിൽ നിലയുറപ്പിച്ചു വരുന്നതിനിടെയായിരുന്നു പുറത്താകൽ. ഷാഹിദ് അസീസിന്റെ പന്തിൽ ബാബർ കളിച്ച മോശം ഷോട്ട് സ്ലിപ്പിൽ അനായാസ ക്യാച്ചായി മാറുകയായിരുന്നു.
അടുത്തിടെ പാകിസ്ഥാനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും ബാബർ അസം കടുത്ത ബാറ്റിങ് പരാജയമാണ് നേരിട്ടത്. ടൂർണമെന്റിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 45, 34, 10, 29 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സംഭാവന. ശ്രീലങ്കയ്‌ക്കെതിരായ കലാശപ്പോരാട്ടത്തിൽ താരം പൂജ്യത്തിന് പുറത്താകുകയും ചെയ്തിരുന്നു.
ബാബറിന്റെ തുടർച്ചയായ ഫോമില്ലായ്മയ്ക്കിടെ നിർദേശവുമായി പാകിസ്ഥാന്റെ മുൻതാരം മുഹമ്മദ് യൂസഫ് രംഗത്തെത്തിയിരുന്നു. ബാറ്റിങ്ങിലെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദേശത്ത് പോയി പരിശീലനം നടത്തണമെന്നാണ് യൂസഫ് ഉപദേശിച്ചത്. വിദേശത്തെ വെല്ലുവിളി നിറഞ്ഞ പിച്ചുകളിൽ കളിക്കുന്നത് ബാബറിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
