തൃക്കരിപ്പൂരിൽ 16 വയസ്സുകാരിയെ വിവാഹം കഴിച്ച സംഭവത്തിൽ എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിലെ പുരോഹിതൻ റഹ്മത്തുള്ള മദനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ചന്തേര പൊലീസാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. വിവാഹ സമയം പള്ളി കമ്മിറ്റിയാണ് അറിയിച്ചതെന്നും മതാചാരപ്രകാരം ചടങ്ങുകൾ നിർവഹിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വധുവിന്റെ പ്രായത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും പള്ളിയിൽ വെച്ച് വിവാഹം നടന്നതായും അദ്ദേഹം പൊലീസിനോട് സമ്മതിച്ചു.
ഈ മാസം 13-നായിരുന്നു ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന 28-കാരനായ സാബിർ ഷെയ്ക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. ചൈൽഡ് ലൈനിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബാലവിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് ശൈശവ വിവാഹം സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഹൊസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരം വരൻ, പെൺകുട്ടിയുടെ പിതാവ്, പള്ളി സെക്രട്ടറി, വിവാഹം നടത്തിയ പുരോഹിതൻ എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു.
വിവാഹമല്ല, നിശ്ചയം മാത്രമാണ് നടന്നതെന്നാണ് കുടുംബത്തിന്റെ വാദമെങ്കിലും വിവാഹം നടന്നതിന്റെ ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇതിനിടെ വരൻ ദക്ഷിണ കൊറിയയിലേക്ക് മടങ്ങിയതായാണ് വിവരം. സംഭവത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കേസിൽ സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
