
തിരുവനന്തപുരം: ശക്തമായ മഴയിൽ തലസ്ഥാന നഗരത്തിലെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായ സംഭവത്തിൽ തിരുവനന്തപുരം കോർപ്പറേഷനെതിരെ വിമർശനവുമായി വെൽഫെയർ പാർട്ടി. ബിജെപി നേതൃത്വം നൽകുന്ന കോർപ്പറേഷൻ ഭരണസമിതിയുടെ അനാസ്ഥയും മുന്നൊരുക്കമില്ലായ്മയുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഷ്റഫ് കല്ലറ ആരോപിച്ചു.
നഗരത്തിലെ ഓടകളും അഴുക്കുചാലുകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കേണ്ടത് കോർപ്പറേഷന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. എന്നാൽ മഴക്കാലത്തിന് മുന്നോടിയായി ആവശ്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിലും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടെന്നാണ് ഇന്നത്തെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു
കുറഞ്ഞ സമയം മഴ പെയ്യുമ്പോൾ തന്നെ റെയിൽവേ സ്റ്റേഷൻ പരിസരം, തമ്പാനൂർ ബസ് സ്റ്റാൻഡ്, ചാല തുടങ്ങിയ പ്രധാന മേഖലകളിൽ വെള്ളം കയറുന്നത് തലസ്ഥാന നഗരിക്ക് അപമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളക്കെട്ട് കാരണം യാത്രക്കാർക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ദുരിതമാണ് നേരിടേണ്ടിവരുന്നത്. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
നഗരവികസനത്തെക്കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്ന ബിജെപി ഭരണസമിതി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ അലംഭാവം കാണിക്കുകയാണെന്നും അഷ്റഫ് കല്ലറ കുറ്റപ്പെടുത്തി. താൽക്കാലിക പരിഹാരങ്ങൾക്ക് പകരം ശാസ്ത്രീയമായ ഓടശുചീകരണവും സമഗ്രമായ ഡ്രെയിനേജ് സംവിധാനവും ഉറപ്പാക്കണം. അടഞ്ഞുകിടക്കുന്ന ഓടകൾ അടിയന്തരമായി വൃത്തിയാക്കുകയും വെള്ളക്കെട്ട് പതിവാകുന്ന പ്രദേശങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
