Home » Blog » kerala Max » “താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചത്? മന്ത്രിയായാല്‍ രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണം ; ബിജെപിയെ തലോടുകയും ഡിവൈഎഫ്‌ഐയെ വേട്ടയാടുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്” – എം വിജിന്‍ എംഎല്‍എ
20

ന്യൂഡല്‍ഹി: ‘കേരളത്തില്‍ കേസ് എങ്ങനെ എടുക്കണം’ എന്ന് തീരുമാനിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ. കാഞ്ഞങ്ങാട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സംഭവത്തിലായിരുന്നു എംഎൽഎയുടെ വിമര്‍ശനം. ഒരു ലിസ്റ്റ് കൊടുക്കുമ്പോള്‍ അത് ചെയ്തു കൊള്ളാമേ എന്ന് പറയുകയാണ് ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും. ബിജെപി- കോണ്‍ഗ്രസ് ധാരണയാണെന്ന് വീണ്ടും തെളിഞ്ഞു.

യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കേസ് അഡ്ജസ്റ്റ് ചെയ്തു. സ്റ്റേഷനില്‍ വരണമെന്നും ഒന്ന് ഒപ്പിട്ടു പോയാല്‍ മതിയെന്നും പൊലീസ് യുവമോര്‍ച്ചയോട് അഭ്യര്‍ത്ഥിച്ചെന്നും വിജിന്‍ കുറ്റപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്താലും പൊലീസ് അവരെ സ്റ്റേഷനിലേക്ക് വിളിച്ച് ചായ നല്‍കി വിട്ടയക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതിന് പിന്നില്‍ വ്യക്തമായ ഡീലാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസും വീടുകയറി അറസ്റ്റും നടത്തുന്നു. കേസെടുത്താലും തങ്ങള്‍ക്ക് പ്രശ്‌നമില്ലെന്നും പ്രതിഷേധം തുടരുമെന്നും എം വിജിന്‍ പറഞ്ഞു.

ഒ ജെ ജനീഷിനെതിരായ വാഴ പ്രതിഷേധം മന്ത്രിക്ക് നിലപാട് ഇല്ലാത്തത് തുറന്നുകാട്ടാനായിരുന്നെന്ന് എംഎല്‍എ പറഞ്ഞു. പല സമയത്ത് പല നിലപാടാണ് മന്ത്രിക്കുള്ളത്. അമിത് ഷാക്കെതിരായ പോസ്റ്റ് പിന്‍വലിച്ചത് മന്ത്രിയുടെ നിലപാട് ഇല്ലായ്മ വെളിവാക്കുന്നതാണ്. താമര ചിഹ്നത്തിലല്ലല്ലോ ജനീഷ് മത്സരിച്ച് ജയിച്ചതെന്ന് ചോദിച്ച അദ്ദേഹം മന്ത്രിക്ക് രാഷ്ട്രീയ നിലപാടും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടാകണമെന്നും കുറ്റപ്പെടുത്തി.

കെ എം ഷാജിയെ വഴിയില്‍ തടഞ്ഞ യുവമോര്‍ച്ച പ്രതിഷേധത്തെക്കുറിച്ചുള്ള ഷാജിയുടെ പ്രസ്താവന അപകടകരമാണെന്ന് വിജിന്‍ ചൂണ്ടിക്കാട്ടി. കെ എം ഷാജിയും ബിജെപിയും ഒറ്റക്കെട്ടാണ്. ബിജെപിക്കാര്‍ പാവങ്ങളാണെന്നുള്ള രീതിയിലാണ് മന്ത്രി പ്രതികരണം നടത്തിയത്. മന്ത്രിക്കെതിരെ ഉണ്ടായത് വലിയ സുരക്ഷാ ഭീഷണിയാണെന്നും വിജിന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരായി സര്‍ക്കാരിനോട് തോളോട് തോള്‍ ചേര്‍ന്ന് പോകുന്നത് കൊണ്ടാകാം മൃദു സമീപനം ബിജെപിയോട് സ്വീകരിക്കുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ ചെയ്തിരുന്നെങ്കില്‍ മന്ത്രിക്ക് മറ്റൊരു നിലപാടായിരുന്നേനെയെന്നും ബിജെപിയെ തലോടുകയും ഡിവൈഎഫ്‌ഐയെ വേട്ടയാടുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *