
തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കന്യാകുമാരി മേഖല മുതൽ കർണാടകയുടെ തെക്കുവരെ തമിഴ്നാട്ടിലൂടെയും കേരളത്തിലൂടെയും നീളുന്ന ന്യൂനമർദപ്പാത്തിയാണ് തുലാവർഷം വീണ്ടും സജീവമാകാൻ കാരണം. നവംബർ 28 ശനിയാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രവചനം.
അതേസമയം, ഒന്നര മണിക്കൂർ പെയ്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിലായി. തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്കും കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലേക്കുമുള്ള റോഡുകളിൽ വെള്ളം കയറി. എസ്.എസ്. കോവിൽ റോഡ്, ശ്രീകണ്ഠേശ്വരം, തകരപ്പറമ്പ് റോഡ്, ചാക്ക, വഞ്ചിയൂർ കോടതി പരിസരം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. നഗരത്തിൽ ഒരു മണിക്കൂറിനിടെ 91.2 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്ക്.
വ്യാപാരസ്ഥാപനങ്ങളിലും ചെളിവെള്ളം കയറി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളക്കെട്ടിലായതോടെ പലതിനും കേടുപാടുകൾ സംഭവിച്ചു. മഴ മുന്നറിയിപ്പുണ്ടായിരുന്നിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ലെന്ന വിമർശനം നഗരസഭയ്ക്കും മേയർക്കുമെതിരെ ഉയരുന്നുണ്ട്.
പെരുമഴയെ തുടർന്ന് തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം നിയന്ത്രിക്കാനെത്തിയ പോലീസുകാർ മാൻഹോൾ വൃത്തിയാക്കിയത് വെള്ളം ഒഴുകിപ്പോകാൻ സഹായിച്ചു. പോലീസുകാർ റോഡരികിലിരുന്ന് മാൻഹോൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായി.
ഒരു മണിക്കൂറിനിടെ രേഖപ്പെടുത്തിയ മഴ:
- എയർപോർട്ട് – 53 മി.മീ.
- കഴക്കൂട്ടം – 32.6 മി.മീ.
- കാട്ടായിക്കോണം – 31.8 മി.മീ.
- കാര്യവട്ടം – 26.6 മി.മീ.
- പള്ളിപ്പുറം – 21.4 മി.മീ.
- ബാലരാമപുരം – 9.60 മി.മീ.
- വെള്ളായണി – 3.20 മി.മീ.
- കോളിയൂർ – 3 മി.മീ.
