മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ നിർമ്മിച്ചു നൽകുന്ന പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ റവന്യൂ മന്ത്രി കെ. രാജൻ നേരിട്ടെത്തി പരിശോധന നടത്തി. വിള്ളൽ കണ്ടെത്തിയ ഭാഗങ്ങളിൽ മന്ത്രി നേരിട്ട് ഉരച്ചുനോക്കി സ്ഥിതിഗതികൾ വിലയിരുത്തി. സോഷ്യൽ മീഡിയയിൽ പ്രചാരണം നടന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ സന്ദർശനം. വീടുകളിൽ വിള്ളലില്ലെന്നും പെൻസിൽ കൊണ്ട് വരച്ചതാണെന്നും പരിശോധനയിൽ വിള്ളലിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നത് മറയ്ക്കാൻ ശ്രമിച്ചതായും മന്ത്രിക്ക് ബോധ്യപ്പെട്ടു.
വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറുന്നതിന് മുൻപ് ഇത്തരം പോരായ്മകൾ കണ്ടെത്തിയത് ഭാഗ്യമായെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിള്ളലിലൂടെ വെള്ളം ഇറങ്ങുന്ന സാഹചര്യം തുടർന്നാൽ കരാർ കമ്പനിയായ ഊരാളുങ്കലിനെതിരെ കർശന നടപടിയുണ്ടാകും. കരാർ പ്രകാരമുള്ള തുക നൽകില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ പട്ടയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും വീടുകൾ പൂർണ്ണമായും കൈമാറിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഒക്ടോബറിന് മുൻപ് നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ കമ്പനിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരുടെ വിശദീകരണം. കെട്ടിടത്തിന്റെ ഘടനയെ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്നും ഗൃഹനാഥന്റെ സാന്നിധ്യത്തിലാകും തുടർന്നുള്ള നടപടികളെന്നും സിഇഒ അരുൺ ബാബു അറിയിച്ചു. വീടിന്റെ ടെറസ് പൂർണ്ണമായും വാട്ടർ പ്രൂഫിങ് ചെയ്യുമെന്നും ഫൈബർ ഉപയോഗിച്ച് റീ-കോൺക്രീറ്റിങ് നടത്തി ബലം വർദ്ധിപ്പിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. അടുത്ത മാസത്തോടെ 178 വീടുകൾ താമസയോഗ്യമാക്കി കൈമാറാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
