Home » Blog » kerala Mex » ഡെബിറ്റ് കാർഡ് മുൻകൂട്ടി അറിയിക്കാതെ ബ്ലോക്ക് ചെയ്ത നടപടിയിൽ തിരിച്ചടി; ബാങ്ക് ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വിധി
credit-card-680x450

മുൻകൂട്ടി അറിയിപ്പില്ലാതെ ഉപഭോക്താവിന്റെ അന്താരാഷ്ട്ര ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്ത സംഭവത്തിൽ ഫെഡറൽ ബാങ്ക് 1.25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങളാൽ കാർഡ് ബ്ലോക്ക് ചെയ്യാമെങ്കിലും അത് ഉപഭോക്താവിനെ കൃത്യസമയത്ത് അറിയിക്കാത്തത് സേവനത്തിലെ ഗുരുതര വീഴ്ചയാണെന്ന് കമ്മീഷൻ വിലയിരുത്തി.

2021 സെപ്റ്റംബറിൽ കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ കാർഡ് പ്രവർത്തിക്കാതിരുന്നതിനെ തുടർന്ന് പരാതിക്കാരനും കുടുംബത്തിനും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും മാനസിക വിഷമവും നേരിടേണ്ടി വന്നിരുന്നു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് കാർഡ് ബ്ലോക്ക് ചെയ്തതെന്നും സന്ദേശം അയച്ചെങ്കിലും സാങ്കേതിക തകരാർ മൂലം ലഭിക്കാതിരുന്നതാണെന്നുമുള്ള ബാങ്കിന്റെ വാദം കമ്മീഷൻ തള്ളി. എസ്എംഎസ് ലഭിക്കാത്ത പക്ഷം കോൾ വഴിയോ ഇ-മെയിൽ വഴിയോ വിവരം അറിയിക്കാൻ ബാങ്കിന് ബാധ്യതയുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ബാങ്കിന്റെ ഭാഗത്തുനിന്ന് സേവന വീഴ്ചയും അന്യായ വ്യാപാര രീതിയും ഉണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് മാനസിക വിഷമത്തിന് 1 ലക്ഷവും കേസ് ചെലവായി 25,000 രൂപയും 45 ദിവസത്തിനകം നൽകാൻ കോടതി നിർദേശിച്ചു. നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശ സഹിതം നൽകേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.