
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2027 സീസണിലേക്കുള്ള ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഫ്രാഞ്ചൈസിയിൽ ദീർഘകാലം വിവിധ പദവികളിൽ പ്രവർത്തിച്ച ശേഷമാണ് ഗാംഗുലി ആദ്യമായി മുഖ്യ പരിശീലകന്റെ ചുമതല ഏറ്റെടുക്കുന്നത്.
2019 മുതൽ ഡൽഹി ക്യാപിറ്റൽസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗാംഗുലി, ടീമിന്റെ പുരുഷ-വനിതാ വിഭാഗങ്ങളുടെ ക്രിക്കറ്റ് ഡയറക്ടർ അടക്കമുള്ള ചുമതലകൾ വഹിച്ചിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിൽ പരിശീലകനായിരുന്ന ഹേമംഗ് ബദാനിക്ക് പകരമാണ് ഗാംഗുലി എത്തുന്നത്. ബദാനിക്ക് പുറമെ ബോളിംഗ് കോച്ച് മുനാഫ് പട്ടേൽ, ടീം ഡയറക്ടർ വേണുഗോപാൽ റാവു, അസിസ്റ്റന്റ് കോച്ച് ഇയാൻ ബെൽ എന്നിവരെയും മാനേജ്മെന്റ് ഒഴിവാക്കിയിട്ടുണ്ട്. 2026 ഐ.പി.എല്ലിൽ ആറാം സ്ഥാനത്താണ് ഡൽഹി ഫിനിഷ് ചെയ്തത്.
ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പുതിയ കോച്ചിംഗ് സ്റ്റാഫിൽ മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗും ഉൾപ്പെട്ടേക്കുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കൻ ലീഗായ എസ്എ20യിൽ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ ഹെഡ് കോച്ചായി പ്രവർത്തിച്ച് ടീമിനെ ഫൈനലിൽ എത്തിച്ച പരിചയസമ്പത്തുമായാണ് ഗാംഗുലി ഡൽഹിയുടെ പരിശീലകനാകുന്നത്. ക്യാപ്റ്റൻ അക്സർ പട്ടേൽ, കെ.എൽ. രാഹുൽ, ലഖ്നൗവിൽ നിന്ന് തിരിച്ചെത്തിയ ഋഷഭ് പന്ത് എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാകും ഗാംഗുലി ഇനി നയിക്കുക. ഈ വർഷാവസാനം നടക്കുന്ന ഐ.പി.എൽ താരലേലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്ക് ഗാംഗുലിയാകും നേതൃത്വം നൽകുക.
