Home » Blog » kerala Max » ജിയോഹോട്സ്റ്റാർ  മിഡിൽ ഈസ്റ്റിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും ;  സ്റ്റാർസ്പ്ലേയുമായി പങ്കാളിത്തം
7

കൊച്ചി: രാജ്യത്തെ  ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോഹോട്സ്റ്റാർ  മിഡിൽ ഈസ്റ്റിലേക്കും നോർത്ത് ആഫ്രിക്കയിലേക്കും സേവനം വ്യാപിപ്പിച്ചു. യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിലെ മികച്ച പ്രതികരണത്തിന് ശേഷമാണ് കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് പ്ലാറ്റ്‌ഫോം എത്തുന്നത്. ഈ മേഖലയിലെ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സ്റ്റാർസ്പ്ലേയുമായി സഹകരിച്ചാണ് ജിയോഹോട്സ്റ്റാറിന്‍റെ സേവനം ലഭ്യമാക്കുന്നത്. സ്റ്റാർസ്പ്ലേ ആപ്പിലും വെബ്സൈറ്റിലും ജിയോഹോട്സ്റ്റാറിനായി പ്രത്യേക വിഭാഗം ഉണ്ടായിരിക്കും.

ജിയോഹോട്സ്റ്റാർ  ഒറിജിനലുകൾ ഇന്ത്യയിലെ റിലീസിനൊപ്പം തന്നെ പത്ത് ഭാഷകളിലെ ഓഡിയോ ട്രാക്കുകളോടെ മിഡിൽ ഈസ്റ്റ്, നോർത്ത്  ആഫ്രിക്ക മേഖലയിലും ലഭ്യമാകും. ജിയോസ്റ്റാർ ടിവി ചാനലുകളിലെ ജനപ്രിയ പരിപാടികൾ, സൂപ്പർഹിറ്റ് സിനിമകൾ എന്നിവയും കാണാനാകും.

ആറ് ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്, വരാനിരിക്കുന്ന കോഫി വിത്ത് കരൺ തുടങ്ങിയ റിയാലിറ്റി ഷോകളും ഇതിൽ ഉൾപ്പെടുന്നു. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലുള്ള പരിപാടികൾ ലഭ്യമാണ്. ഈ മേഖലയിലെ വലിയൊരു വിഭാഗം വരുന്ന മലയാളി പ്രേക്ഷകരുടെ പ്രാധാന്യം കണക്കിലെടുത്ത് വിപുലമായ മലയാളം കണ്ടന്‍റുകളും ജിയോഹോട്സ്റ്റാർ  ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിമാസം 34.99 ദിർഹം നിരക്കിലുള്ള സ്റ്റാർസ്പ്ലേയുടെ പ്ലസ്  പ്ലാനിലൂടെ മുഴുവൻ വിനോദ പരിപാടികളും വിവിധ ഭാഷകളിൽ ആസ്വദിക്കാം.  പ്രതിമാസം 49.99 ദിർഹം നിരക്കിലുള്ള മാക്‌സ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ജിയോഹോട്സ്റ്റാർ  വിനോദ പരിപാടികൾക്കൊപ്പം ക്രിക്കറ്റ് ഉൾപ്പെടെയുള്ള സ്റ്റാർസ്പ്ലേയുടെ സ്പോർട്‌സ് പായ്ക്കേജും ലഭിക്കും.

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക  മേഖലയിലേക്കുള്ള ജിയോഹോട്സ്റ്റാറിന്‍റെ കടന്നുവരവ് പ്രഖ്യാപിച്ച് ദുബായിലെ ബുർജ് ഖലീഫയിൽ ഗംഭീര പ്രകാശവിന്യാസം സംഘടിപ്പിച്ചു. ജിയോഹോട്സ്റ്റാറും സ്റ്റാർസ്പ്ലേയും കൈകോർക്കുന്നതിന്‍റെ ഔദ്യോഗിക പ്രഖ്യാപനമാണ് ഈ വർണ്ണവിസ്‌മയത്തിലൂടെ നടന്നത്. ദുബായ് നഗരത്തിലുടനീളം കാണാൻ സാധിക്കുന്ന രീതിയിലായിരുന്നു ഈ ദൃശ്യവിരുന്ന് ഒരുക്കിയിരുന്നത്.

എഐ അടിസ്ഥാനമാക്കിയുള്ള പേഴ്‌സണലൈസേഷൻ, ഇന്‍ററാക്ടീവ് എന്‍റർടൈൻമെന്‍റ്, ഇൻ-ആപ്പ് കൊമേഴ്‌സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളോടെയാണ് പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്.

യുകെ, കാനഡ, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലഭിച്ച മികച്ച പ്രതികരണം ഇന്ത്യൻ വിനോദ പരിപാടികൾക്ക് ആഗോളതലത്തിലുള്ള സ്വീകാര്യതയാണ് വ്യക്തമാക്കുന്നതെന്നും   വലിയൊരു വിഭാഗം ദക്ഷിണേഷ്യൻ പ്രവാസികൾ വസിക്കുന്ന മിഡിൽ ഈസ്റ്റ്, നോർത്ത്  ആഫ്രിക്ക മേഖല തങ്ങളുടെ അടുത്ത സുപ്രധാന വിപണിയാണെന്നും ജിയോസ്റ്റാർ ഇന്‍റർനാഷണൽ ബിസിനസ് മേധാവി അമിത് മൽഹോത്ര പറഞ്ഞു.

ശരിയായ ബ്രാൻഡുകളെ ഒരുമിപ്പിച്ച് പ്രേക്ഷകർക്ക് മികച്ച അനുഭവം നൽകുക എന്നതാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ക്രിക്കറ്റിലൂടെ തങ്ങൾക്ക് ദക്ഷിണേഷ്യൻ പ്രേക്ഷകരുമായി മികച്ച ബന്ധമുണ്ടെന്നും ജിയോഹോട്സ്റ്റാർ  വരുന്നതോടെ അത് വിനോദ മേഖലയിലേക്കും വ്യാപിപ്പിക്കാൻ കഴിയുമെന്നും സ്റ്റാർസ്പ്ലേ സിഇഒ മാസ് ഷെയ്ഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *