Your Image Description Your Image Description

ബെംഗളൂരു: സംസ്ഥാനത്ത് നടക്കുന്ന ജാതി സർവേ (സാമൂഹിക-സാമ്പത്തിക സർവേ) തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി കർണാടക ഹൈക്കോടതി. പിന്നാക്ക വിഭാഗ കമ്മീഷൻ നടത്തുന്ന സർവേയിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയ കോടതി, സർവേയ്ക്ക് അനുമതി നൽകി. എന്നാൽ, സർവേയിൽ ശേഖരിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് വിഭു ബഖ്‌റു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രാജ്യവൊക്കലിഗ സംഘ, അഖില കർണാടക ബ്രാഹ്മണ മഹാസഭ, അഖില കർണാടക വീരശൈവ-ലിംഗായത്ത് മഹാസഭ തുടങ്ങിയ വിവിധ സംഘടനകൾ നൽകിയ പൊതുതാത്പര്യ ഹർജികളാണ് കോടതി പരിഗണിച്ചത്. സർവേയിൽ പങ്കെടുക്കുന്നത് നിർബന്ധമല്ലെന്നും, താൽപര്യമുള്ളവർ മാത്രം വിവരങ്ങൾ നൽകിയാൽ മതിയെന്നും ഇത് സംബന്ധിച്ച് വിജ്ഞാപനം ചെയ്യണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.

പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ആവശ്യമായ വിവരങ്ങളാണ് സർവേയിലൂടെ ശേഖരിക്കുന്നതെന്ന് പിന്നാക്ക കമ്മീഷൻ കോടതിയിൽ അറിയിച്ചു. സർവേ വിവരങ്ങൾ ചോരാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് വെള്ളിയാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കമ്മീഷനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ ഈ ഉത്തരവോടെ ജാതി സർവേയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകൾക്ക് താത്കാലികമായി വിരാമമായി.

Related Posts