Home » Blog » Kerala » “ജനവിധി വിനയപൂർവം അംഗീകരിക്കുന്നു, നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകും”; ഫേസ്ബുക്ക് പോസ്റ്റുമായി വി. അബ്ദുറഹിമാന്‍
23

തിരൂർ: വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിച്ച് തിരൂർ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മുന്‍ മന്ത്രിയുമായ വി. അബ്ദുറഹിമാന്‍. മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും വോട്ട് നൽകിയവർക്കും വിജയത്തിനായി ഒപ്പം നിന്നവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം അറിയിച്ചു.

“വിജയപരാജയങ്ങൾ എന്തുതന്നെയായാലും, ജനങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകും” ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത എൽഡിഎഫ് പ്രവർത്തകർക്കും, പിന്തുണച്ച സഹോദരി സഹോദരന്മാർക്കും സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി പറഞ്ഞ അദ്ദേഹം ‘തിരൂരിന് സ്നേഹം മാത്രം’ എന്ന് കുറിച്ചുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

മണ്ഡലം മാറി എത്തിയിട്ടും 24,137 വോട്ടുകൾക്കാണ് അദ്ദേഹം മുസ്‌ലിം ലീഗീലെ കുറുക്കോളി മൊയ്തീനോട് പരാജയപ്പെട്ടത്. കുറുക്കോളി 1,06,108 വോട്ടുകൾ നേടിയപ്പോൾ അബ്ദുറഹിമാന് 81,971 വോട്ടുകളെ നേടാനായുള്ളൂ.