കോട്ടയം: ജോസ് കെ.മാണിയെ പരിഹസിച്ച് പാലാ നഗരസഭയിൽ പ്രമേയം. വിജയിക്കാൻ സാധിക്കാത്ത നേതാക്കൾക്ക് വേണ്ടി നിയമസഭയിൽ അപ്പർ ഹൗസ് വേണമെന്നാണ് പ്രമേയത്തിൽ പറയുന്നത്. സ്വതന്ത്ര അംഗം ബിനു പുളിക്കാക്കണ്ടമാണ് പ്രമേയം അവതരിപ്പിച്ചത്. ഇത്തരം സംവിധാനങ്ങൾ ചില നേതാക്കൾക്ക് നിയമസഭയിലെത്താൻ സുവർണ്ണ അവസരമാകുമെന്നും പ്രമേയത്തിൽ പറയുന്നു.
“ജനങ്ങളുമായി ബന്ധമില്ലാത്ത ചില അഭിനവ നേതാക്കന്മാർക്ക് നിയമസഭയിൽ എത്താനുള്ള ഏക അവസരമായിരിക്കും നിയമസഭയിലെ പ്രത്യേകമായ അപ്പർ ഹൗസ്. എത്ര തന്നെ മത്സരിച്ചിട്ടും വിജയിക്കാനാവാത്ത നേതാക്കൾക്ക് നിയമസഭയിലെത്താൻ ഇത് സുവർണാവസരമായിരിക്കും.” – പ്രമേയത്തിലൂടെ ബിനു പുളിക്കാക്കണ്ടം അവതരിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്നപ്പോൾ കേരള കോൺഗ്രസ് മാണി വിഭാഗം തോറ്റമ്പി. മത്സരിച്ച 12 സീറ്റുകളിൽ ഒരെണ്ണത്തിൽ പോലും വിജയിക്കാൻ ജോസ് മാണിക്കും ടീമിനും സാധിച്ചിരുന്നില്ല. എൽഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച പാർട്ടിക്ക് തങ്ങളുടെ കോട്ടകളിൽ പോലും അടിപതറുന്ന കാഴ്ചയാണ് കണ്ടത്.
പാർട്ടിയുടെ ഏറ്റവും വലിയ തിരിച്ചടിയായി ചെയർമാൻ ജോസ് കെ.മാണി പാലാ മണ്ഡലത്തിൽ വീണ്ടും പരാജയപ്പെട്ടിരുന്നു. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥി മാണി സി.കാപ്പൻ 2,991 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജോസ് കെ.മാണിയെ പരാജയപ്പെടുത്തിയത്.
