തൃശൂർ: ഗുരുവായൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി. ഇന്നലെ വൈകുന്നേരം 4.30 മുതൽ 5.30 വരെയുള്ള ഒരു മണിക്കൂർ സമയമാണ് ക്യാമറകൾ പ്രവർത്തിക്കാതിരുന്നത്. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ഈ വീഴ്ച വലിയ ചർച്ചയായിട്ടുണ്ട്.
സംഭവത്തിൽ അസ്വാഭാവികതയും ദുരൂഹതയും ആരോപിച്ച് ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.എച്ച്. റഷീദ് രംഗത്തെത്തി. ഒരു മണിക്കൂർ നേരം ദൃശ്യങ്ങൾ മറഞ്ഞത് ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്നും ഇതിൽ അടിയന്തര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
സിസിടിവി ക്യാമറകളുടെ പ്രവർത്തനം വരും ദിവസങ്ങളിൽ തടസമില്ലാതെ ഉറപ്പുവരുത്തണമെന്നും സ്ട്രോങ്ങ് റൂമിലെ സുരക്ഷാ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കണമെന്നും പരാതിയിൽ പറയുന്നു. നിലവിൽ സാങ്കേതിക തകരാറാണോ? അതോ ബോധപൂർവമായ ഇടപെടലുകൾ നടന്നിട്ടുണ്ടോ ?എന്ന കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
