Home » Blog » Kerala » കേരളത്തിലെ സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങൾ ഇതാ
goldprice-march12-1-1741754898

കേരളത്തിൽ സ്വർണ്ണവില വർധിക്കുന്നതിന് കാരണം കേവലം മിഡിൽ ഈസ്റ്റിലെ യുദ്ധം മാത്രമല്ലെന്നും, എണ്ണവിലയിലെ വർധനവും ഡോളറിന്റെ കരുത്തുമാണ് ഇതിൽ നിർണായക പങ്ക് വഹിക്കുന്നതെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ ദീർഘകാലം നീണ്ടുനിൽക്കുമ്പോൾ അത് കേവലം ഒരു യുദ്ധമായി മാത്രമല്ല, എണ്ണ വിതരണ ഭീഷണി, പണപ്പെരുപ്പം, അമേരിക്കൻ പലിശനിരക്ക്, രൂപയുടെ വിനിമയ നിരക്ക് തുടങ്ങിയ സാമ്പത്തിക ഘടകങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധിയായാണ് വിപണി കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണ ഭീഷണിയെ തുടർന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 100 ഡോളറിലേക്ക് അടുത്തതും, ഡോളറിനെതിരെ രൂപയുടെ മൂല്യം 95 കടന്ന് തകർന്നതും ആഭ്യന്തര വിപണിയിൽ പ്രകടമാണ്. സ്പോട്ട് ഗോൾഡ് വില അന്താരാഷ്ട്ര തലത്തിൽ ഉയർന്ന നിലവാരത്തിൽ തുടരുമ്പോഴും അമേരിക്കൻ കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത് വൈകിപ്പിച്ചേക്കുമെന്ന സൂചനകൾ സ്വർണ്ണത്തിന് മേൽ ഒരേസമയം സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്.

 

ഇന്ത്യ എണ്ണ ഇറക്കുമതിക്കായി കൂടുതൽ ഡോളർ ചെലവഴിക്കേണ്ടി വരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും നാട്ടിലെ സ്വർണ്ണവില കുറയാതിരിക്കാൻ കാരണമാകുന്നു. അന്താരാഷ്ട്ര വിപണിയിൽ വിലയിൽ നേരിയ കുറവുണ്ടായാൽ പോലും രൂപ ദുർബലമായി തുടരുന്നിടത്തോളം കാലം കേരളത്തിൽ വില വലിയ തോതിൽ കുറയില്ല. ചുരുക്കത്തിൽ, നിലവിലെ സ്വർണ്ണവിലയുടെ അനിശ്ചിതത്വം യുദ്ധത്തിന്റെ മാത്രം ഫലമല്ലെന്നും എണ്ണയുടെയും ഡോളറിന്റെയും വിപണി പ്രതിഫലനമാണെന്നും അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *