Home » Blog » kerala Max » കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിന്റെ ആഗോള പ്രചാരണത്തിന് സ്‌പോര്‍ട്‌വോട്ടുമായി കൈകോര്‍ത്ത് എസ്എഫ്എ
19

കൊച്ചി: കേരളത്തിലെ സെവന്‍സ് ഫുട്‌ബോളിന്റെ ആഗോള പ്രചാരണത്തിനായി സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എസ്എഫ്എ), സ്‌പോര്‍ട്‌വോട്ടുമായി കൈകോര്‍ക്കുന്നു. 2026 സീസണിലെ അസോസിയേഷന്റെ 13 ടൂര്‍ണമെന്റുകളുടെ ഔദ്യോഗിക തത്സമയ ദൃശ്യനിര്‍മാണ, സ്ട്രീമിങ്, വിതരണ പങ്കാളിയായി സ്‌പോര്‍ട്‌വോട്ട് പ്രവര്‍ത്തിക്കും. മള്‍ട്ടി-ക്യാമറ സംവിധാനവും മികച്ച ഗ്രാഫിക്‌സും ഉപയോഗിച്ച് മത്സരങ്ങള്‍ സ്‌പോര്‍ട്‌വോട്ട് ആപ്പിലൂടെ മാത്രമായിരിക്കും എക്‌സ്‌ക്ലൂസീവായി സംപ്രേഷണം ചെയ്യുക. ചാപ്റ്റര്‍ വണ്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറും സഹസ്ഥാപകനുമായ അര്‍ണോള്‍ഡ് വില്‍സന്റെ പിന്തുണയോടെയാണ് ഈ സുപ്രധാന സഹകരണം യാഥാര്‍ഥ്യമായത്.

കേരളത്തില്‍ വന്‍ ജനപ്രീതിയുള്ള സെവന്‍സ് ഫുട്‌ബോളിന് മുന്‍പ് ഡിജിറ്റല്‍, ടെലിവിഷന്‍ സംപ്രേഷണ രംഗങ്ങളില്‍ അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല. ഗ്രൗണ്ടിലെത്താന്‍ കഴിയാത്ത ആരാധകര്‍ക്ക് മത്സരങ്ങള്‍ കാണാനും, കളിക്കാര്‍ക്കും ക്ലബ്ബുകള്‍ക്കും അര്‍ഹമായ ദൃശ്യപരത ലഭിക്കാനും ഉള്ള തടസ്സങ്ങള്‍ മാറ്റുകയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സ്‌പോര്‍ട്‌വോട്ട് സഹസ്ഥാപകയും ചീഫ് മാര്‍ക്കറ്റിങ് ഓഫീസറുമായ ശുഭാംഗി ഗുപ്ത പറഞ്ഞു.

അസോസിയേഷന്റെ ടൂര്‍ണമെന്റുകളെ പ്രൊഫഷണല്‍ നിലവാരത്തിലേക്ക് ഉയര്‍ത്താനും ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് എത്തിക്കാനും ഈ സഹകരണം സഹായിക്കുമെന്ന് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ലെനിന്‍ വ്യക്തമാക്കി. കായിക മേഖലയിലെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വഴിതുറക്കുന്ന ഈ ചുവടുവയ്പ്പ് കളിക്കാര്‍ക്ക് കൂടുതല്‍ അംഗീകാരവും കായികരംഗത്തിന് സാമ്പത്തിക വളര്‍ച്ചയും നേടിക്കൊടുക്കുമെന്ന് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബാവ അഭിപ്രയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *