പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ റവന്യൂ മന്ത്രിയും സിപിഐ നേതാവുമായ കെ രാജന് എംഎല്‍എ. എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീയില്‍നിന്ന് ഒരു രൂപയെങ്കിലും വാങ്ങിയെന്നു തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കും. വിദ്യാഭ്യാസ മന്ത്രിയെ ഇത് ബോധ്യപ്പെടുത്താന്‍ വെല്ലുവിളിക്കുകയാണ്. സര്‍വശിക്ഷ കേരളയ്ക്കു ലഭിക്കാനുള്ള കോടികള്‍ ലഭിക്കാനുള്ള വഴി പിഎം ശ്രീയില്‍ ഒപ്പിടലാണെന്ന് കേന്ദ്രം പറഞ്ഞാല്‍, കേന്ദ്രത്തിനു മുന്പില് ഇതും പറഞ്ഞ് നട്ടെല്ലുവളച്ചാല്‍ അതിനെ എഐഎസ്എഫ് നേരിടുമെന്നും കെ രാജന് പറഞ്ഞു. എഐഎസ്എഫ് സംസ്ഥാന പഠനക്യാമ്പിന്റെ സമാപനത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിനോട് കേന്ദ്രത്തില്‍ നിന്ന് ആരാണ് ആവശ്യപ്പെട്ടതെന്നും ഒപ്പിടാന്‍ നിര്‍ദേശിച്ചത് ആരാണെന്നും സത്യസന്ധതയുണ്ടെങ്കില്‍ മുഖ്യമന്ത്രി വിഡി സതീശന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരിനോട് കടുത്ത വിധേയത്വമാണുള്ളതെന്നും കെ രാജന് ആരോപിച്ചു. പാര്‍ലമെന്റില്‍ എംപി അബ്ദുല്‍ വഹാബിന്റെ ചോദ്യത്തിന്, പിഎം ശ്രീ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ പദ്ധതിയുടെ ധനസഹായം മാത്രമാണ് നഷ്ടപ്പെടുക എന്നാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി വ്യക്തമാക്കിയത്.
എന്നാല്‍, പദ്ധതിയില്‍ നിന്ന് പിന്മാറാന് കഴിയില്ലെന്നാണ് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് പറയുന്നത്. ഇതിന് വിദ്യാഭ്യാസ മന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പുപറയണം. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പദ്ധതി, ലീഗ് മന്ത്രിമാരെക്കൊണ്ട് തന്നെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അത് ജനാധിപത്യപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
