എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമര്‍ശനവുമായി ഗോകുലം ഗോപാലൻ. വെള്ളാപ്പള്ളി നടേശന് പത്മ പുരസ്കാരം നൽകിയതോടെ ആ പുരസ്കാരത്തിന്റെ വില ഇല്ലാതാക്കിയെന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞത്. വെള്ളാപ്പള്ളി ഒരു ദുഷ്ട രാജാവാണ്.
അണികൾക്ക് അവകാശപ്പെട്ട സ്വത്തുക്കളും മറ്റും വെള്ളാപ്പള്ളി ഒറ്റയ്ക്ക് അനുഭവിക്കുകയാണ്. ആഞ്ഞടിച്ച് ഗോകുലം ഗോപാലന് പറഞ്ഞു. എസ്എൻഡിപി യോഗം വെള്ളാപ്പള്ളി നടേശന്റെ പണത്തിന് കീഴിലാണ്. പണവും സ്വാധീനവും ഉപയോഗിച്ചാണ് വെള്ളാപ്പള്ളി കസേര നിലനിർത്തുന്നത്. വെള്ളാപ്പള്ളി നൽകുന്ന പണം വാങ്ങി ആസ്വദിക്കുന്നവർക്ക് മാത്രമേ അദ്ദേഹത്തോടൊപ്പം പ്രസിഡന്റായോ സെക്രട്ടറിയായോ നിൽക്കാൻ കഴിയൂ എന്നും എസ്എന്‍ ഡിപി യോഗം പ്രസിഡന്റ് ഡോ: എം.എൻ. സോമനെ ലക്ഷ്യമിട്ട് ഗോകുലം ഗോപാലന് പറഞ്ഞു.
ന്യായമായ രീതിയിൽ ആരെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചാൽ കമ്മിറ്റി പിരിച്ചുവിട്ട് അവിടെ അഡ്മിനിസ്ട്രേറ്റർ ഭരണം കൊണ്ടുവരും. ഗോകുലന് ഗോപാലന് പറഞ്ഞു. പതിറ്റാണ്ടുകളായി വെള്ളാപ്പള്ളിയും ഗോകുലം ഗോപാലനും രണ്ട് ധ്രുവങ്ങളിലാണ്. സ്വന്തം പണത്തിന്റെ ഹുങ്കും സ്വാധീന ശക്തിയും ഉപയോഗിച്ച് എസ്എന്‍ഡിപി യോഗം തലപ്പത്ത് നിന്നും വെള്ളാപ്പള്ളിയെ തുരത്താന്‍ ഗോകുലം ഗോപാലന് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയുണ്ടായിട്ടില്ല. ഇതോടെയാണ് എസ്എന്‍ഡിപി വിമത പക്ഷ നേതാക്കളായി ഗോകുലം ഗോപാലനും കൂട്ടരും മാറിയത്.
എസ്എന്‍ഡിപി കമ്പനിയായാണ് നിലനില്‍ക്കുന്നതെന്നും കമ്പനി ചട്ടങ്ങള്‍ ലംഘിച്ചു എന്നും ആരോപിച്ചു വിമത നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ച് വെള്ളാപ്പള്ളിയെയും സോമനെയും അടക്കമുള്ളവരെ അയോഗ്യരാക്കിയെങ്കിലും ഹൈക്കോടതിയില്‍ നല്കിയ അപ്പീലില്‍ രക്ഷപ്പെട്ട് നില്‍ക്കുകയാണ് വെള്ളാപ്പള്ളി. മൈക്രോ ഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി പെട്ടിരിക്കുകയാണ്. പിണറായി ബന്ധം മുതലാക്കിയാണ് വെള്ളാപ്പള്ളിയും തുഷാറും സോമനും അടക്കമുള്ളവര്‍ കഴിഞ്ഞ ഇടത് ഭരണകാലത്ത് രക്ഷപ്പെട്ട് നിന്നത്. എന്നാല്‍ യുഡിഎഫ് വന്നിട്ടും സ്ഥിതി മാറിയിട്ടില്ല. തുഷാര്‍ മുഖ്യമന്ത്രി സതീശനെ കൊച്ചിയിലെ വീട്ടില്‍ സന്ദര്‍ശിച്ച് പ്രശ്നം തണുപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്.
വെള്ളാപ്പള്ളിക്ക് എതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ സതീശന് തയ്യാറുമല്ല. തുഷാര്‍ എന്‍ഡിഎ നേതാവാണ്. കേന്ദ്ര ഭരണത്തില്‍ ബിജെപിയുമാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിക്ക് എതിരേയുള്ള നടപടികള്‍ തണുപ്പിച്ച് നിര്‍ത്തുകയാണ് സതീശനും ചെയ്യുന്നത്. വെള്ളാപ്പള്ളി ആണെങ്കില്‍ സതീശനും യുഡിഎഫിനും എതിരേയുള്ള ആക്രമണം അവസാനിപ്പിച്ച് നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ വെള്ളാപ്പള്ളിയെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതെ ഗോകുലം ഗോപാലന് മുന്നില്‍ വഴികളില്ല. പക്ഷെ എന്ത് ഫലം. പുറത്തു നിന്നും വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് സാഫല്യം അടയുക മാത്രമാണ് ഗോകുലം ഗോപാലന് മുന്നിലുള്ള വഴി, ഈ അവസരം ഗോകുലം ഗോപാലന് പഴാക്കുകയുമില്ല.ഇത് തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതും.
അതേസമയം ഇടത് ഭരണനഷ്ടത്തിനു കാരണക്കാരിലോരാള് വെള്ളാപ്പള്ളിയാണെന്ന സിപിഎം വിമര്‍ശനത്തിനെതിരെ എസ്എന്‍ഡിപി യോഗം രംഗത്തുവന്നിട്ടുമുണ്ട്. സമുദായ സംഘടനകളെ കുറ്റപ്പെടുത്താതെ പരാജയ കാരണങ്ങള്‍ എന്താണെന്ന് പഠിച്ച് വിലയിരുത്താനാണ് യോഗം സിപിഎം നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശവും.
