
തിരുവനന്തപുരം: കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്സ് ചാമ്പ്യൻഷിപ്പിൽ റൂബീസിനും ആംബറിനും വിജയം. റൂബീസ് പേൾസിനെ അഞ്ച് വിക്കറ്റിനും ആംബർ എമറാൾഡിനെ 19 റൺസിനുമാണ് തോൽപ്പിച്ചത്.
റൂബീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പേൾസ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു. 25 റൺസെടുത്ത ഇവാന ഷാനി മാത്രമാണ് പേൾസ് ബാറ്റിങ്ങിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. റൂബീസിന് വേണ്ടി കീർത്തി ദാമോദരനും എം പി വൈഷ്ണയും ആശ ശോഭനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റൂബീസ് ഒൻപത് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 22 പന്തുകളിൽ 39 റൺസുമായി പുറത്താകാതെ നിന്ന ദിവ്യ ഗണേഷാണ് റൂബിസിന് വിജയമൊരുക്കിയത്. ദിവ്യ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്. അമീറ ബീഗം 24ഉം എം പി വൈഷ്ണ 21ഉം റൺസെടുത്തു.
രണ്ടാം മത്സരത്തിൽ എമറാൾഡിനെതിരെ ആംബർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. 40 റൺസെടുത്ത അന്യ കെ പ്രദീപാണ് ആംബറിൻ്റെ ടോപ് സ്കോറർ. പി സൗരഭ്യ 39ഉം എം ഷിവാനി 30ഉം റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ എമറാൾഡിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് മാത്രമാണ് നേടാനായത്. 50 റൺസെടുത്ത ദൃശ്യ വാസുദേവൻ മാത്രമാണ് എമറാൾഡ് ബാറ്റിങ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. ആംബറിന് വേണ്ടി ആര്യനന്ദ മൂന്ന് വിക്കറ്റ് വീഴ്ത്തി. പി സൗരഭ്യയാണ് പ്ലെയർ ഓഫ് ദി മാച്ച്.
