തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നു. രാവിലെ മുതൽ പ്രമുഖ നേതാക്കളുടെ വലിയ ഒഴുക്കാണ് ആസ്ഥാനത്തേക്ക് ഉണ്ടാകുന്നത്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. മന്ത്രിമാരുടെ അന്തിമ പട്ടികയും അവർക്കുള്ള വകുപ്പുകളും ഇന്ന് രാത്രിയോടെ പ്രഖ്യാപിച്ചേക്കും.
കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ പ്രാഥമിക ധാരണയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കൂടാതെ സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, എം. ലിജു, ബിന്ദു കൃഷ്ണ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന. ചാണ്ടി ഉമ്മൻ, ഐ.സി. ബാലകൃഷ്ണൻ, എ.പി. അനിൽകുമാർ എന്നിവരും സജീവ പരിഗണനയിലുണ്ട്. വയനാടിന് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ രംഗത്തെത്തിയിട്ടുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും തനിക്ക് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിലാണ് അദ്ദേഹം.
അഞ്ച് മന്ത്രിസ്ഥാനം വേണമെന്ന നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ, നാല് മന്ത്രിമാരും കാബിനറ്റ് പദവിയുള്ള മറ്റൊരു പദവിയും നൽകാം എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പായപ്പോൾ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്റഫ് എന്നിവരുടെ പേരുകളും ചർച്ചയിലുണ്ട്. പി.കെ. ബഷീറിനെ മന്ത്രിയാക്കുന്നതിനെതിരെ ലീഗിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്.
കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനങ്ങളാണ് ആവശ്യപ്പെടുന്നത്. സി.പി. ജോണിന് അഞ്ച് വർഷം പൂർണ്ണ കാലാവധിയും, അനൂപ് ജേക്കബിനും മാണി സി. കാപ്പനും രണ്ടര വർഷം വീതം ടേം വ്യവസ്ഥയും ആലോചിക്കുന്നുണ്ട്. മന്ത്രിസ്ഥാനം നൽകാമെന്ന് ലീഡർഷിപ്പ് ഉറപ്പുനൽകിയതായും വകുപ്പുകളിൽ തീരുമാനമായിട്ടില്ലെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, ആർഎസ്പി നേതാക്കളായ ഷിബു ബേബി ജോൺ, എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയ പ്രമുഖരും ചർച്ചകൾക്കായി കെപിസിസി ആസ്ഥാനത്ത് തുടരുകയാണ്.
