
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് മുൻ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബിയിൽ മാനേജ്മെന്റും വൈദ്യുതി മന്ത്രിയുടെ ഓഫീസും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഏകോപനമില്ലെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. ഈ വർഷം എൽനിനോ വർഷമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, സാഹചര്യം മുൻകൂട്ടി കണ്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നും കൃഷ്ണൻകുട്ടി വിമർശിച്ചു. 1500 മെഗാവാട്ടിന്റെ ബാറ്ററി സ്റ്റോറേജ് സിസ്റ്റത്തിന്റെ ആദ്യഘട്ടം സെപ്റ്റംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ പദ്ധതി ഇതുവരെ യാഥാർഥ്യമായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2023ലും സമാനമായ വൈദ്യുതി പ്രതിസന്ധിയുണ്ടായിരുന്നുവെന്ന് കൃഷ്ണൻകുട്ടി പറഞ്ഞു. അന്ന് വൈദ്യുതി മന്ത്രിയായിരുന്ന താൻ ഓരോ ആഴ്ചയും ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എന്നാലിപ്പോൾ അത്തരത്തിലുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് ആരോപണം. എൽഡിഎഫ് സർക്കാരിന്റെ അവസാന നാളുകളിൽ ഇക്കഴിഞ്ഞ വേനൽക്കാലത്ത് ചെറിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ വലിയ പ്രതിഷേധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെയാണ് പവർകട്ട് ഏർപ്പെടുത്തുന്നതെന്നും കൃഷ്ണൻകുട്ടി വിമർശിച്ചു.
വൈദ്യുതി വകുപ്പിന്റെ വിവിധ സൈറ്റുകളിൽ നൽകിയിരിക്കുന്ന വൈദ്യുതി മന്ത്രിയുടെ ഫോൺ നമ്പർ പോലും ഇതുവരെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. രാത്രിയിലടക്കം നിരവധി ആളുകൾ ഇപ്പോഴും പരാതികൾ അറിയിക്കാൻ ആ നമ്പറിലേക്ക് വിളിക്കുന്നുണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
