Home » Blog » Kerala » കുട്ടികളുടെ സുരക്ഷ, ക്ഷേമം, അവകാശസംരക്ഷണം പാഠ്യപദ്ധതിയിലേക്ക്; പ്രത്യേക സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ
18

കൊല്ലം: കുട്ടികളുടെ സുരക്ഷ, ക്ഷേമം, അവകാശസംരക്ഷണം എന്നിവ മുൻനിർത്തി പ്രത്യേക സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതിന് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും തമ്മിൽ ധാരണയായി. സർവകലാശാലാ ആസ്ഥാനത്ത് നടന്ന ഉന്നതതല ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

പദ്ധതിയുടെ ഔദ്യോഗിക ധാരണാപത്രം ഇരുസ്ഥാപനങ്ങളും ഉടൻ ഒപ്പുവയ്ക്കും. ആദ്യ ബാച്ചിന്റെ ക്ലാസുകൾ വരും ജൂലൈയിൽ ആരംഭിക്കും. ബാലാവകാശ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും പൊതുസമൂഹത്തിനും ആവശ്യമായ നിയമപരവും സാമൂഹികവുമായ അറിവുകൾ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ആറുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്‌സും ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്‌സുമാണ് ആരംഭിക്കുക. ബാലവേല നിരോധന നിയമം, ഭരണഘടനാപരമായ വ്യവസ്ഥകൾ, ബാലനീതി നിയമം (Juvenile Justice Act), ബാലവിവാഹ നിരോധന നിയമം എന്നിവയ്ക്കൊപ്പം ശിശുമനശ്ശാസ്ത്രം, കുട്ടികളുടെ നൈപുണിവികസനം, പോഷകാഹാരവും ഭക്ഷ്യസുരക്ഷയും തുടങ്ങിയ സുപ്രധാന വിഷയങ്ങൾ കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കും.

അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, സ്കൂൾ കൗൺസിലർമാർ, സാമൂഹിക പ്രവർത്തകർ , അഭിഭാഷകർ, ജുവനൈൽ ഹോം ജീവനക്കാർ എന്നിവർക്ക് തങ്ങളുടെ പ്രൊഫഷണൽ കഴിവുകൾ വർദ്ധിപ്പിക്കാൻ ഈ കോഴ്സ് സഹായകമാകും.