Your Image Description Your Image Description

ക്രിക്കറ്റ് ലോകത്ത് അമ്പരപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത താരമാണെങ്കിലും പലപ്പോഴും ശരീരത്തിന്റെയും ഫിറ്റ്നസിന്റെയും പേരിൽ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിട്ടുള്ള താരമാണ് സര്‍ഫറാസ് ഖാൻ. ഫിറ്റ്നസ് പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും താരം തഴയപ്പെട്ടിരുന്നു. ഇത് ഒട്ടനവധി ചർച്ചകൾക്ക് വിധേയമാവുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴിതാ താരം വൻ ട്രാൻസ്ഫോർമേഷൻ നടത്തി വിമർശകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. താരം കേവലം രണ്ട് മാസങ്ങൾ കൊണ്ട് 17 കിലോ ഭാരം കുറച്ചാണ് സോഷ്യൽ‌ മീഡിയയിൽ കൈയ്യടി നേടിയിരിക്കുന്നത്.

താരം സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് തന്റെ ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഒപ്പം എങ്ങനെയാണ് ഭാരം കുറച്ചത് എന്ന ടിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. തന്റെ ഭക്ഷണ രീതിയിൽ വലിയൊരു മാറ്റം തന്നെ വരുത്തിയാണ് സർഫറാസ് ഈ നേട്ടത്തിലേക്ക് എത്തുന്നത്. അതും തന്റെ പിതാവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സർഫറാസ് ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയിരുന്നത്.

‘റൊട്ടി, അരി, പഞ്ചസാര, മാവ്, ബേക്കറി സാധനങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് ഞങ്ങൾ പൂർണമായും നിർത്തി’ എന്നാണ് സർഫറാസിന്റ പിതാവും പരിശീലകനുമായ നൗഷാദ് ഖാൻ നേരത്തെ ഒരു സംഭാഷണത്തിൽ പറഞ്ഞത്. ‘ഇപ്പോൾ ഞങ്ങളുടെ ഭക്ഷണത്തിൽ ഗ്രിൽ ചെയ്ത മത്സ്യം, ചിക്കൻ, വേവിച്ച മുട്ട, ഫ്രഷ് സാലഡുകൾ, ബ്രോക്കോളി, വെള്ളരിക്ക, അവോക്കാഡോ എന്നിവയാണ് ഉള്ളത്. ഞങ്ങൾ ഗ്രീൻ ടീയിലേക്കും ഗ്രീൻ കോഫിയിലേക്കും പോലും മാറി. ഈ കർശനമായ ദിനചര്യ തുടങ്ങിയിട്ട് 1.5 മാസമായി’ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇതുവരെ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ച സർഫറാസ് ഖാൻ ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയൺസും തമ്മിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ 119 പന്തിൽ 92 റൺസ് നേടി ഔട്ട് ആയ മത്സരമാണ് താരത്തിന്റെ അവസാന ടെസ്റ്റ് മത്സരം.

Related Posts