മലയാള സിനിമയിൽ വന്യമായ ആക്ഷൻ വിസ്മയം തീർക്കാൻ ഒരുങ്ങുന്ന ‘കാട്ടാളൻ’ സിനിമയിലെ ഗാനം പുറത്ത്. ‘ബ്ലഡ് ഓൺ ടസ്ക്’ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം ആവേശകരമായ സംഗീതം കൊണ്ടും ദൃശ്യങ്ങൾ കൊണ്ടും ഇതിനകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ‘മാർക്കോ’യ്ക്ക് ശേഷം രവി ബസ്രൂർ മലയാളത്തിനായി സംഗീതമൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.
കാടിൻ്റെ വന്യതയും പോരാട്ടവീര്യവും ഒപ്പിയെടുക്കുന്നതാണ് ഇലക്ട്രിഫൈയിംഗ് ബിജിഎം. സന്തോഷ് വെങ്കി, ഐറ ഉഡുപ്പ് എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. രോഹിത് സിദ്ധപ്പയുടേതാണ് വരികളും റാപ്പും. ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ തുടങ്ങിയവരുടെ തകർപ്പൻ പ്രകടനമാണ് ഗാനരംഗങ്ങളിലുള്ളത്. ആനക്കൊമ്പ് കള്ളക്കടത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് നവാഗതനായ പോൾ ജോർജ്ജ് ആണ്. സിജിഐ ഒഴിവാക്കി യഥാർത്ഥ ആനയെ ഉപയോഗിച്ചാണ് ഇതിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് എന്നത് സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തുന്നു. മെയ് 28-നാണ് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നത്. നിലവിൽ ഐഎംഡിബി പട്ടികയിൽ മോസ്റ്റ് ആന്റിസിപ്പേറ്റഡ് ഇന്ത്യൻ സിനിമകളിൽ ഒന്നാം സ്ഥാനത്താണ് കാട്ടാളൻ.
