Home » Blog » Kerala » കള്ളാടി ദുരന്തം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; പ്രിയതമനായി പ്രാർത്ഥനയോടെ കാത്തിരുന്ന കല്പനയെ തേടിയെത്തിയത് ദു:ഖ വാർത്ത
1

വയനാട് : കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇന്ന് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ബിഹാർ സ്വദേശിയും എക്‌സ്‌കവേറ്റർ ഓപ്പറേറ്ററുമായ മുഹമ്മദ് ഇമ്രാനും ഹിമാചൽ പ്രദേശ് സ്വദേശിയും എൻജിനിയറുമായ രാഹുൽ ശർമയുടെയും മൃതദേഹങ്ങളാണ് സോൺ ഒന്നിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇനി മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മധ്യപ്രദേശ് സ്വദേശിയായ ഹിറ്റാച്ചി ഓപ്പറേറ്റർ ചന്ദ്രബാൻ പാൽ (37), ബിഹാർ സ്വദേശി ഫോർമാൻ ബികാസ് കുമാർ സിങ് (40), ഝാർഖണ്ഡ് സ്വദേശി അൻമോൽ ദൊഡരായ് (25) എന്നിവരുടെ മൃതദേഹങ്ങളാണ് നേരത്തെ കണ്ടെത്തിയത്.

ഹിമാചൽ പ്രദേശ് സ്വദേശി കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ, പശ്ചിമ ബംഗാൾ സ്വദേശി സർവേയർ രാകേഷ് ഗുച്ചൈത്, ഉത്തർപ്രദേശ് സ്വദേശി സർവേയർ അസ്ഹറുദ്ദീൻ അൻസാരി എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഒന്നും രണ്ടും സോണുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ രക്ഷാപ്രവർത്തനമെന്ന് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

രാഹുൽ ശർമയുടെ മൃതദേഹം കണ്ടെത്തിയതോടെ ഭാര്യ കൽപനയുടെ കാത്തിരിപ്പും കണ്ണീരിലാണ്ടു. ഭർത്താവ് ജീവനോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ ചെമ്പ്ര റോഡിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന കൽപനയ്ക്ക് ഒടുവിൽ ദുഃഖവാർത്തയാണ് ലഭിച്ചത്. ഹിമാചൽ പ്രദേശിലെ മണ്ടി സ്വദേശിയായ രാഹുലും കൽപനയും ഈ വർഷം ഫെബ്രുവരി 21-നാണ് വിവാഹിതരായത്. തുരങ്കപാത നിർമാണത്തിന്റെ കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥരാണ് അപകടവിവരം ബന്ധുക്കളെ അറിയിച്ചത്. തുടർന്ന് രാഹുലിന്റെ പിതാവ് രൂപ്‌ദേവ് ശർമ, അമ്മാവൻ രാംവീർ ശർമ, ദുബായിൽ ഷെഫായി ജോലി ചെയ്യുന്ന സഹോദരൻ എന്നിവർ വയനാട്ടിലെത്തി.

അതേസമയം, കള്ളാടി ദുരന്തഭൂമി പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് എം.വി. ജയരാജൻ, മുൻ എംഎൽഎ ശശി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. റവന്യൂ മന്ത്രി എ.പി. അനിൽകുമാറും ദുരന്തസ്ഥലം സന്ദർശിച്ചു.