Home » Blog » crime » സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാർ തമ്മിലുള്ള സംഘർഷവും ചോദ്യം ചെയ്ത യാത്രക്കാരനെ ക്രൂരമായി മർദ്ദിച്ച കണ്ടക്ടർ അറസ്റ്റിൽ
2

കൊച്ചി: സ്വകാര്യ ബസുകൾ തമ്മിലുണ്ടായ മത്സരഓട്ടവും സംഘർഷവും ചോദ്യം ചെയ്ത യാത്രക്കാരനെ മർദിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. എറണാകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ നൂറനാട് സ്വദേശി ശ്രീകുമാർ (34) ആണ് അറസ്റ്റിലായത്. കൈയിൽ നാണയത്തുട്ടുകൾ ചുരുട്ടിപ്പിടിച്ച് യാത്രക്കാരനായ ഇടപ്പള്ളി സ്വദേശി ഷംഷീറിന്റെ മുഖത്തിടിച്ചതിനെ തുടർന്ന് അയാളുടെ മൂക്കെല്ല് തകർന്നു.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ദേശീയപാതയിൽ വൈറ്റിലയ്ക്കും പാലാരിവട്ടത്തിനും ഇടയിലുള്ള ഗീതാഞ്ജലി ജങ്ഷനിലായിരുന്നു സംഭവം. വൈറ്റിലയിൽ നിന്ന് പുറപ്പെട്ട ‘എൻപീസ്’, ‘സുൽത്താന’ എന്നീ സ്വകാര്യ ബസുകൾ തമ്മിൽ സമയക്രമത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. തുടർന്ന് ചളിക്കവട്ടത്ത് സുൽത്താന ബസ് എൻപീസ് ബസിന് കുറുകെ നിർത്തി തടസ്സമുണ്ടാക്കിയെന്നാണ് ആരോപണം. ഇതിനിടെ സുൽത്താന ബസിന്റെ ഡ്രൈവർ അജു, എൻപീസ് ബസിലെ കണ്ടക്ടർ സനീഷിനെ ആക്രമിച്ചശേഷം ബസുമായി കടന്നുകളഞ്ഞു. ഇത് കണ്ട പ്രകോപിതരായ യാത്രക്കാർ ഗീതാഞ്ജലി ജങ്ഷനിൽ സുൽത്താന ബസ് തടഞ്ഞുനിർത്തി. പരിക്കേറ്റ കണ്ടക്ടറെ ആശുപത്രിയിലെത്തിക്കണമെന്നും പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയ ശേഷമേ ബസ് മുന്നോട്ട് പോകാവൂവെന്നും യാത്രക്കാർ ആവശ്യപ്പെട്ടു. ഈ തർക്കത്തിനിടെയാണ് സുൽത്താന ബസിലെ കണ്ടക്ടർ ശ്രീകുമാർ ഷംഷീറിനെ ആക്രമിച്ചത്.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി. വിവരമറിഞ്ഞെത്തിയ പാലാരിവട്ടം പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബസ് കസ്റ്റഡിയിലെടുക്കുകയും ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട ഡ്രൈവർ അനുരാജ് ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.