Your Image Description Your Image Description

കരൂർ: നടൻ വിജയ് സംഘടിപ്പിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ ഉറ്റവരെ ആശ്വസിപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കരൂരിലെത്തി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സ്റ്റാലിൻ കരൂർ മെഡിക്കൽ കോളേജിൽ എത്തിയത്. ആശുപത്രിയിൽ ചേർന്ന അവലോകന യോ​ഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി, ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്.

ട്രിച്ചി വിമാനത്താവളത്തിൽ നിന്നും റോഡുമാർഗമാണ് സ്റ്റാലിൻ കരൂർ മെഡിക്കൽ കോളേജിൽ എത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവരിൽ ഒമ്പത് പൊലീസുകാരുമുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും.

അതേസമയം, ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. അനിയന്ത്രിതമായ തിക്കിലുംതിരക്കിലുംപെട്ടാണ് ആളുകൾ മരിച്ചത്. ചികിത്സയിൽ കഴിയുന്ന 107 പേരിൽ 17 പേരുടെ നില ​ഗുരുതരമാണ്. മരിച്ചവരിൽ എട്ടു കുട്ടികളും 17 സ്ത്രീകളുമുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

കരൂരി‍ൽ നടന്ന റാലിയ്ക്കിടെ ആണ് അപകടമുണ്ടായത്. വിജയ് പ്രസംഗിക്കുന്നതിനിടെ ജനക്കൂട്ടം നിയന്ത്രണാതീതമായി മുന്നോട്ട് വന്നതാണ് അപകടത്തിന് കാരണമായത്. പാർട്ടി പ്രവർത്തകരും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബോധരഹിതരായി വീണു. പ്രവർത്തകർ സ്ഥിതിഗതികൾ ശ്രദ്ധിക്കുകയും അലാറം മുഴക്കുകയും ചെയ്തു. വിജയ് തന്റെ പ്രസംഗം നിർത്തിവച്ച് പ്രചാരണ ബസിന് മുകളിൽ നിന്ന് വെള്ളക്കുപ്പികൾ എറിഞ്ഞുകൊടുക്കുകയും ചെയ്തു. തിരക്കേറിയ വഴിയിലൂടെ സ്ഥലത്തെത്താൻ ആംബുലൻസുകൾക്ക് ബുദ്ധിമുട്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Related Posts