<strong>ഫ്ലോറിഡ</strong>: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ്. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ‘അറബിക്കടലിലൂടെ സഞ്ചരിക്കുന്ന യുഎസ്എസ് ബോക്സർ (LHD-4) യുദ്ധക്കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ നിന്ന് യുഎസ് മറൈൻ കോർപ്സിന്റെ MV-22B ഓസ്പ്രേ യൂട്ടിലിറ്റി വിമാനങ്ങൾ പറന്നുയരുന്നു.
ഇറാനെതിരായ യുഎസിന്റെ ഉപരോധം നടപ്പാക്കുന്നതിനുള്ള സമുദ്രനിരീക്ഷണവും നടപടികളും കപ്പൽ തുടരുകയാണ്. ഉപരോധം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി യുഎസ് സേന 67 വാണിജ്യക്കപ്പലുകളുടെ ഗതിമാറ്റം വരുത്തുകയും, മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും, രണ്ട് കപ്പലുകളിൽ കയറി പരിശോധന നടത്തുകയും ചെയ്തു’ എന്നായിരുന്നു എക്സ് പോസ്റ്റിൽ CENTCOM വ്യക്തമാക്കിയത്.അമേരിക്ക ഇറാനെതിരെ ഉപരോധം കടുപ്പിച്ചതോടെ ഹോർമൂസ് കടലിടുക്ക് ഇരട്ട ഉപരോധ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര ഊർജ വ്യാപാര പാതകൾ സുഗമമാക്കാൻ അമേരിക്ക സൈന്യത്തെ ഉപയോഗിക്കുകയും ഇറാൻ്റെ തുറമുഖങ്ങളെ ശക്തമായി ഉപരോധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഹോർമൂസിലുള്ളത്.
വ്യോമാക്രമണങ്ങൾ, നാവികസേനയുടെ സുരക്ഷാ അകമ്പടി, തുറമുഖ ഉപരോധം എന്നിവ ശക്തമാക്കുന്നതിലൂടെയാണ് ഈ ലക്ഷ്യങ്ങൾക്കായി അമേരിക്ക നീക്കം നടത്തുന്നത്. എന്നാൽ ഹോർമൂസ് വഴിയുള്ള കപ്പലുകളെ ഏതുവിധേനയും തടയുക എന്ന സമീപനമാണ് ഇറാൻ നടക്കുന്നത്. ഇതിനായി അനുവാദമില്ലാതെ ഹോർമൂസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാനും ആക്രമണം തുടരുകയാണ്.
