Home » Blog » kerala Max » വീട് കുത്തിത്തുറന്ന് വൻ കവർച്ച; 50 പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി
Screenshot_20260821_232145

<strong>തൃശൂര്‍</strong>: കേച്ചേരി തോളൂരില്‍ ടെക്സ്റ്റയില്‍സ് ഉടമയുടെ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 50 പവന്‍ ആഭരണങ്ങള്‍ കവര്‍ന്നു. പറപ്പൂരില്‍ ടെക്സ്റ്റയില്‍ കട നടത്തുന്ന തോളൂര്‍ നാലകത്ത് ഷക്കീറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്‍റെ പിറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ ബെഡ്‌റൂമിലെ അലമാരകള്‍ കുത്തിപ്പൊളിച്ചാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്. പിറകു വശത്തെ വാതില്‍ കമ്പിപ്പാര വെച്ച് തിക്കിയ ശേഷം തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഷക്കീറിന്‍റെ വീടിന്‍റെ പിറകുവശം റെയില്‍വേ ട്രാക്കാണ് ഇതിനാല്‍ ഈ ഭാഗം പെട്ടെന്ന് ജനശ്രദ്ധ ലഭിക്കാത്ത ഇടമാണ്. ഈ വഴിയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചിന് തുണിക്കടയിലെ കച്ചവടത്തിന് സഹായിക്കാന്‍ ഷക്കീറിന്‍റെ ഭാര്യയും കുട്ടികളും വീട്ടില്‍ നിന്ന് തുണിക്കടയിലേക്ക് പോയിരുന്നു.

പുലര്‍ച്ചെ 1:30 നാണ് അവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അലമാരകള്‍ തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന സാധന സമാഗ്രികള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീട്ടുകാരെല്ലാവരും തുണിക്കടയിലായിരുന്ന സമയത്താണ് ആസൂത്രിതമായി മോഷണം നടത്തിയത്. വീട്ടുകാരെ കുറിച്ചും വീടും പരിസരവും സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളവനാണ് മോഷ്ടാവെന്ന സംശയവും പൊലീസിനുണ്ട്. ഷക്കീറിന്‍റെ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി വാങ്ങി സൂക്ഷിച്ചിന്നുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണ വിവരം അറിഞ്ഞ് പേരമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *