
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടർ കെ. സുധീർ അറിയിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിങ് ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മുൻകൂട്ടി തീരുമാനിച്ച മേളകൾ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയശേഷം നടത്തണമെന്നും കളക്ടർ നിർദേശിച്ചു.
വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുകിഴക്കൻ അറബിക്കടലിലും കേരള തീരത്തിന് മുകളിലുമായി ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചക്രവാതച്ചുഴിയിൽനിന്ന് കേരളത്തിലൂടെ വടക്കൻ തമിഴ്നാട് തീരം വരെ ന്യൂനമർദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങൾ സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
അതേസമയം, മധ്യ ബംഗാൾ ഉൾക്കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന തീവ്രന്യൂനമർദം ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ഇത് അതിതീവ്ര ന്യൂനമർദമായി മാറാനും മധ്യ ബംഗാൾ ഉൾക്കടലിലും സമീപത്തെ മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇത് ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ച് ഒക്ടോബർ 28-ന് രാവിലെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാനാണ് സാധ്യത. ഉച്ചയ്ക്ക് മുമ്പ് ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ ആന്ധ്രാപ്രദേശ്–യാനം തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിച്ചേക്കും. അപ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗവും പരമാവധി 140 കിലോമീറ്റർ വരെ കാറ്റിന്റെ വേഗവും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ മഴസാഹചര്യവും ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റിന്റെ നീക്കവും കണക്കിലെടുത്ത് വരും ദിവസങ്ങളിൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
