Home » Blog » kerala Max » കണക്കുകൾ തുറന്നുകാട്ടണം..! സ്വകാര്യ സർവകലാശാലകൾക്ക് നിർണായക നിർദേശവുമായി സുപ്രീം കോടതി
supreme-court-680x450

വിദ്യാഭ്യാസം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ ലാഭമുണ്ടാക്കാനുള്ള സ്ഥാപനങ്ങളായി മാറരുതെന്ന് സുപ്രീം കോടതി. ധനകാര്യ ഇടപാടുകളിൽ ഉത്തരവാദിത്തം പാലിക്കണമെന്നും സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിനും ജീവനക്കാരുടെ അർഹമായ വേതനത്തിനും ആവശ്യമായ സാമ്പത്തിക ക്രമീകരണം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക നീക്കിയിരിപ്പ് സൂക്ഷിക്കാമെങ്കിലും വിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് ആ തുക വകമാറ്റി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകൾ, ഫണ്ട് വിനിയോഗം, ഫീസ് ഘടന, ബാക്കിവരുന്ന ഫണ്ടിന്റെ നിക്ഷേപം, വിദ്യാഭ്യാസ മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തികൾക്ക് നൽകിയ തുക എന്നിവയുടെ വിശദാംശങ്ങൾ ഹാജരാക്കാനും സ്വകാര്യ സർവകലാശാലകളോട് കോടതി നിർദേശിച്ചു. സർവകലാശാലകളുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നിർദേശം.

ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് എൻ.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട സ്വകാര്യ സർവകലാശാലകളിൽ നിന്ന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും വിവരങ്ങൾ ശേഖരിച്ച് ആറ് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. ചീഫ് സെക്രട്ടറിമാർ മുഖേനയായിരിക്കണം വിവരങ്ങൾ സമർപ്പിക്കേണ്ടത്.

നോയിഡയിലെ അമിറ്റി സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. സ്വകാര്യ സർവകലാശാലകളിലെ സാമ്പത്തിക നടത്തിപ്പും ഫണ്ട് വിനിയോഗവും സംബന്ധിച്ച വിശദാംശങ്ങൾ ഇനി കോടതിയുടെ പരിശോധനയിലേക്കും വരും. കേസ് നവംബർ 19ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *