സംസ്ഥാനത്തെ ലഹരിമുക്തമാക്കാനും മയക്കുമരുന്ന് കടത്ത് ശൃംഖലകളുടെ അടിവേരറുക്കാനുമായി സർക്കാർ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി അയൽസംസ്ഥാനങ്ങളുമായി കൈകോർത്ത് സംയുക്ത പോരാട്ടത്തിന് തയാറാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി. ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, പുതുച്ചേരി മുഖ്യമന്ത്രി എന്നിവർക്ക് കത്തയച്ചു. ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ കർശനമാക്കുമെന്നും, മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസ്സുകൾ തകർത്ത് അനധികൃത സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കി.
സംസ്ഥാന അതിർത്തികൾ കടന്ന് വ്യാപിച്ചുകിടക്കുന്ന ലഹരി മാഫിയയെ ഫലപ്രദമായി നേരിടാൻ അയൽസംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണ്. കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി അതിർത്തി മേഖലകൾ, പ്രധാന റോഡുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, വിദ്യാർത്ഥി ശൃംഖലകൾ എന്നിവ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് മാഫിയകൾ പ്രധാനമായും പിടിമുറുക്കുന്നത്. ഇതിനകം തന്നെ നിരവധി അന്തർസംസ്ഥാന-അന്തർദേശീയ ലഹരി കടത്തുകാരെ കേരള പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ലഹരി സംഘങ്ങളെ തളയ്ക്കാൻ ഉദ്യോഗസ്ഥർ തമ്മിലുള്ള തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും അടിയന്തരമായി നടപ്പിലാക്കേണ്ടതുണ്ട്. ഇതിനായി നാല് സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്ത് സംയുക്ത കർമ്മപദ്ധതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖർ, ടാക്ടിക്കൽ കമാൻഡർ പുട്ട വിക്രമാദിത്യ എന്നിവർ അയൽസംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്താൻ തയാറാണെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
