Your Image Description Your Image Description

സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപ്പണ്‍ ഹാര്‍ഡ്‍വെയറുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്നും നിലവില്‍ സ്കൂളുകളില്‍ വിന്യസിച്ചിട്ടുള്ള 29000 റോബോട്ടിക് കിറ്റുകള്‍ ഇതിനുദാഹരണമാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രസ്താവിച്ചു. ജില്ലയില്‍ കൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സോഫ്‍റ്റ്‍വെയര്‍ സ്വാതന്ത്ര്യദിനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ തലമുറയെ വെറും ഉപഭോക്താക്കളാക്കാതെ അറിവ് സൃഷ്ടിക്കുന്നവരും പങ്കുവെക്കുന്നവരുമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത് കൂടുതൽ മെച്ചപ്പെടുത്താന്‍ വിദ്യാർഥികളും അധ്യാപകരും മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര സോ‍ഫ്‍റ്റ്‍വെയറിന്റെ ഉപയോഗവും പ്രാധാന്യവും പൊതുസമൂഹത്തിനും ലഭ്യമാകുന്നവിധം അടുത്ത ആഴ്ച്ച ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

കൈറ്റ് ജില്ലാ ഓഫീസിൽ രാവിലെ 9.30 മുതൽ സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഉബുണ്ടു 22.04 ൻ്റെ ഇൻസ്റ്റലേഷൻ ഫെസ്റ്റ് ആരംഭിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് കൊണ്ടുവന്ന 100ലേറെ ലാപ്ടോപ്പുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. മറ്റ് സ്വതന്ത്ര വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകളായ ഇ – ക്യൂബ്, ലാംഗ്വേജ് ലാബ്, അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയറുകള്‍ എന്നിവയും ഇൻസ്റ്റാൾ ചെയ്തു. ജില്ലയിലെ സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മികച്ച 50 വിദ്യാർത്ഥികൾക്ക് ജ്യോമട്രി പഠനത്തിനുപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ ജിയോജിബ്രയില്‍ പ്രത്യേക പരിശീലനം നൽകി. തുടർന്ന് ഉച്ചയ്ക്കുശേഷം സ്വതന്ത്ര ഹാർഡ്‌വെയറായ ആർഡിനോ അടിസ്ഥാനപ്പെടുത്തി റോബോട്ടിക്സ് പരിശീലനം നൽകി. കൈറ്റ് സ്കൂളുകളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകളാണ് കുട്ടികൾ ഉപയോഗിച്ചത്. ആലപ്പുഴ കൈറ്റിലെ മാസ്റ്റർ ട്രെയിനർമാർ ക്ലാസുകൾ നയിച്ചു.

Related Posts