തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയെക്കുറിച്ച് മന്ത്രി സി പി ജോൺ നടത്തിയ പരാമർശത്തെ വിമർശിച്ച് നടൻ സന്തോഷ് പണ്ഡിറ്റ്. സ്ത്രീകൾ സൗജന്യയാത്ര ആവശ്യപ്പെട്ടിട്ടില്ലെന്നും, തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാർ പദ്ധതി നടപ്പാക്കിയതെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
“സ്ത്രീകൾ ഫ്രീ യാത്ര ചോദിച്ചിട്ടില്ല. സർക്കാർ നൽകിയ ആനുകൂല്യം അവർ ഉപയോഗിക്കുന്നതിൽ തെറ്റില്ല. വോട്ട് നേടാൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ശേഷം അതിന്റെ പേരിൽ ജനങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ല,” എന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ വിമർശനം. പ്രിയദർശിനി പദ്ധതിയുടെ പേരിൽ സ്വകാര്യ ബസ് മേഖലയ്ക്ക് തിരിച്ചടി ഉണ്ടായെന്നും, അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ സ്വകാര്യ ബസുകൾക്കും സമാന ആനുകൂല്യം നൽകുകയോ നഷ്ടപരിഹാരം ഉറപ്പാക്കുകയോ ചെയ്യേണ്ടതായിരുന്നു. സർക്കാർ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ സാമ്പത്തിക സ്ഥിതിയും വ്യക്തമായ മാനദണ്ഡങ്ങളും പരിഗണിക്കണമെന്ന് പറഞ്ഞ സന്തോഷ് പണ്ഡിറ്റ്, ജനങ്ങൾക്ക് ആവശ്യം “സൗജന്യങ്ങൾ” അല്ല, മറിച്ച് തുല്യ അവസരങ്ങളും അർഹതയുടെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങളുമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികളുടെയും ആനുകൂല്യങ്ങൾ പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് നൽകുന്നതെന്നും, അതുപോലെ തന്നെ നികുതി അടയ്ക്കുന്ന സ്ത്രീകൾക്ക് നൽകുന്ന യാത്രാ ആനുകൂല്യത്തെ വിമർശിക്കേണ്ട കാര്യമില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മന്ത്രി സി.പി. ജോണിന്റെ പരാമർശത്തെ ചൊല്ലി വിവാദം തുടരുന്നതിനിടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണവും ശ്രദ്ധ നേടുന്നത്. ഒരു സ്ത്രീയും ഫ്രീ യാത്രക്കായി സർക്കാരിനോട് വന്നു ഇരന്നിട്ടില്ല.. കെ.എസ്.ആർ.ടി.സി.യിലെ സൗജന്യയാത്ര എന്നത് യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയുടെ പ്രഖ്യാപിത ജനക്ഷേമ വാഗ്ദാനമാണ്. അതും പറഞ്ഞു സ്ത്രീകളുടെ വോട്ട് മേടിച്ചു, ആ വാഗ്ദാനം അല്പം വെള്ളം ചേർത്ത് ഓർഡിനറി ബസുകളിൽ മാത്രമായിട്ട് ആണെങ്കിലും പദ്ധതി നന്നായി കൊണ്ട് വന്നു, …
ആ കിട്ടിയ സൗജന്യം സ്ത്രീകൾ നന്നായി ഉപയോഗിക്കുന്നു. അതൊരു തെറ്റാണോ ? വോട്ട് കിട്ടുവാൻ ആനുകൂല്യങ്ങൾ നൽകുമ്പോൾ കൃത്യമായ മാനദണ്ഡം ആവശ്യമാണ് എന്നും, സർക്കാരിന്റെ സാമ്പത്തിക സ്ഥിതി കൂടി നോക്കണം എന്നും ഇനിയെങ്കിലും ചിന്തിക്കുക. അതൊന്നും ചെയ്യാതെ ജനങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? തുഗ്ലക്ക് ഭരണ പരിഷ്ക്കാരം നടപ്പാക്കുമ്പോൾ ചിന്തിക്കണമായിരുന്നു.. പിന്നെ, ഫ്രീ എവിടെ കിട്ടിയാലും എത്ര പണക്കാരനും അത് ഉപയോഗിക്കും. 400 രൂപയുടെ കിറ്റ് കിട്ടിയാൽ പോലും മലയാളികൾ വേണമെങ്കിൽ അത് കൊടുത്ത പാർട്ടിക്ക് വോട്ട് ചെയ്യും.. പിന്നെയാ ഫ്രീ യാത്ര ഉപേക്ഷിക്കുന്നത്?
