മുംബൈ: മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഐപിഎൽ 2026-ൽ പ്ലേഓഫ് കാണാതെ പുറത്തായി. നിർണ്ണായകമായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് അവസാന പന്തിൽ രണ്ട് വിക്കറ്റിന് തോറ്റതോടെയാണ് മുംബൈയുടെ പോരാട്ടം അവസാനിച്ചത്. ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിനെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തെന്ന വാർത്ത ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു.
ആർസിബിക്കെതിരായ മത്സരത്തിൽ പരിക്കുമൂലം ഹാർദിക് കളിച്ചിരുന്നില്ല. പകരം സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ ഇൻസ്റ്റഗ്രാം ഫോളോയിങ് ലിസ്റ്റ് ആരാധകർ പരിശോധിച്ചതോടെയാണ് വിവാദം തുടങ്ങിയത്. മുംബൈ ഇന്ത്യൻസ് ഉൾപ്പെടെ 151 അക്കൗണ്ടുകളെ ഫോളോ ചെയ്തിരുന്ന ഹാർദിക്കിന്റെ ലിസ്റ്റിൽ നിന്ന് മുംബൈ ഇന്ത്യൻസ് അപ്രത്യക്ഷമായത് സ്ക്രീൻഷോട്ടുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെ ഹാർദിക് മുംബൈ വിടുകയാണെന്ന അഭ്യൂഹങ്ങൾ ശക്തമായി.
എന്നാൽ വിവാദം കൊഴുക്കുന്നതിനിടെ താരം മുംബൈ ഇന്ത്യൻസിനെ വീണ്ടും ഫോളോ ചെയ്തതായി കണ്ടെത്തി. ഇത് ഏതെങ്കിലും സാങ്കേതിക തകരാർ മൂലം സംഭവിച്ചതാണോ അതോ താരം മനഃപൂർവ്വം അൺഫോളോ ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഹാർദിക്കോ മുംബൈ ഇന്ത്യൻസ് ഫ്രാഞ്ചൈസിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സീസണിൽ 11 മത്സരങ്ങളിൽ നിന്ന് വെറും ആറ് പോയിന്റ് മാത്രമാണ് മുംബൈയ്ക്ക് നേടാനായത്. എട്ട് മത്സരങ്ങളിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ മൂന്ന് എണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. സീസണിന്റെ തുടക്കം മുതൽ ടീം സെലക്ഷനിലും ക്യാപ്റ്റൻസിയിലും ഉയർന്ന വിമർശനങ്ങൾ പ്ലേഓഫ് പുറത്തായതോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
