Home » Blog » kerala Max » ഐഎസ്എല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി എം.ജി മോട്ടോര്‍ ഇന്ത്യ
12

കൊച്ചി: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ മത്സര പരമ്പരയായ ഇന്ത്യന്‍ സൂപ്പര്‍ ലീഗി(ഐഎസ്എല്‍)ന്റെ ടൈറ്റില്‍ സ്‌പോണ്‍സറായി  ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യ എത്തുന്നു. ഇതോടെ പുതിയ പതിപ്പ് എം.ജി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന പേരില്‍ അറിയപ്പെടും. ആരാധകരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും ഫുട്‌ബോള്‍ രംഗം കൂടുതല്‍ കരുത്തുറ്റതാക്കുന്നതിനുമുള്ള പുതിയ ലക്ഷ്യങ്ങളോടെയാണ് ലീഗ് ഈ വര്‍ഷത്തേക്ക് കടക്കുന്നത്. ഒക്ടോബര്‍ പത്തിന് ആരംഭിക്കുന്ന പുതിയ മത്സരങ്ങളില്‍ ബംഗളൂരു ഫുട്‌ബോള്‍ ക്ലബ്ബ് സ്‌പോര്‍ട്ടിംഗ് ക്ലബ് ഡല്‍ഹിയെയും, ഗോവ ഫുട്‌ബോള്‍ ക്ലബ്ബ് ചെന്നൈയിന്‍ ഫുട്‌ബോള്‍ ക്ലബ്ബിനെയും നേരിടുന്നതോടെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകും.

മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ടൈറ്റില്‍ സ്‌പോണ്‍സര്‍ എത്തുന്നത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും, ആരാധകര്‍ക്കായി മികച്ച അനുഭവങ്ങള്‍ സമ്മാനിക്കാന്‍ ഈ കൂട്ടായ്മ സഹായിക്കുമെന്നും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സിഇഒ രണ്‍ യാദവ് വ്യക്തമാക്കി. കായിക രംഗത്തിന് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിനയ് റെയ്‌ന പറഞ്ഞു. ഫുട്‌ബോളിനെ ദേശീയ തലത്തില്‍ കൂടുതല്‍ ജനകീയമാക്കാനും പുതിയ തലമുറയുമായി ബന്ധം സ്ഥാപിക്കാനും ഈ പങ്കാളിത്തം വഴിയൊരുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള ബ്രിട്ടനിലെ വാഹന നിര്‍മ്മാണ ബ്രാന്‍ഡായ എം.ജി, ആഗോളതലത്തിലും ഇന്ത്യയിലും വിവിധ കായിക ഇനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ലിവര്‍പൂള്‍, ആഴ്‌സണല്‍ തുടങ്ങിയ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളുമായുള്ള പങ്കാളിത്തവും ഇന്ത്യയിലെ വിവിധ അടിത്തട്ട് തലത്തിലുള്ള ഫുട്‌ബോള്‍ കൂട്ടായ്മകളും ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ കാലയളവില്‍ സ്വന്തം മൈതാനങ്ങളിലും എതിരാളികളുടെ മൈതാനങ്ങളിലും മാറിമാറി കളിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ ഇന്ത്യന്‍ ഫുട്‌ബോളിനെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനും പുതിയൊരു വാണിജ്യ കാലഘട്ടത്തിലേക്ക് നയിക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *