
ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ അഖിലേന്ത്യാ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് ('എൻവെസ്റ്റ്നെറ്റ് സെനിത് ട്രോഫി 2026') കണ്ണ് കെട്ടി ബാറ്റ് വീശി ഫിഷറീസ് - സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം : അഖിലേന്ത്യാ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പായ ‘എൻവെസ്റ്റ്നെറ്റ് സെനിത് ട്രോഫി 2026’ ന് തുടക്കം.ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് ഫിഷറീസ് – സാമൂഹ്യ നീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു.
ചാമ്പ്യൻഷിപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഹരിയാനയെ 10 വിക്കറ്റുകൾക്കാണ് ടീം കേരളം പരാജയപ്പെടുത്തിയത്. നിശ്ചിത 15 ഓവറിൽ ഹരിയാന 8 വിക്കറ്റ് നഷ്ടത്തിൽ 127 റൺസ് എടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം വെറും 9.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 128 റൺസ് നേടി ലക്ഷ്യം കണ്ടു. 34 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെ പുറത്താകാതെ 72 റൺസ് നേടുകയും, 9 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത അദ്വൈത സന്തോഷ് ആണ് മത്സരത്തിലെ താരം.ഉദ്ഘാടന ചടങ്ങിൽ അദ്വൈതയ്ക്ക് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
ചടങ്ങിൽ വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി അധ്യക്ഷത വഹിച്ചു.സി.എ.ബി.കെ. പ്രസിഡന്റ് ജിനീഷ് പി. സ്വാഗതം ആശംസിച്ചു.
ചടങ്ങിന്റെ ഭാഗമായി എൻവെസ്റ്റ്നെറ്റിന്റെ പ്രതിനിധി ചിന്റു ജോയ്, യു.എസ്.ടി. സി.എസ്.ആർ. ഹെഡ് വിനീത് മോഹൻ, സി.എസ്.ആർ. അംബാസഡർ നന്ദ് സുന്ദരം, പി.ആർ. കേരള രോഷ്ണി ദാസ് തുടങ്ങിയവർ പങ്കെടുത്തു.
സി ബി കെ യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 5 മുതൽ 8 വരെയാണ്
ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളം, ഗുജറാത്ത്, ഹരിയാന, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, തെലങ്കാന എന്നീ ആറ് സംസ്ഥാന ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്.
