Home » Blog » kerala Max » എസ്.ടി.പി.ഐ.യുടെ  സൈബർ സുരക്ഷാ പരിശീലനവുമായി ഐ.സി.ടി. അക്കാദമി ഓഫ് കേരള
11

തിരുവനന്തപുരം: ഭാരതത്തിലെ വിവരസാങ്കേതികവിദ്യാ (ഐ.ടി.) മേഖലയുടെയും അനുബന്ധ വ്യവസായങ്ങളുടെയും വളർച്ചയും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ (STPI). രാജ്യത്ത് അടുത്ത തലമുറയിലെ സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുന്നതിനായി എസ്.ടി.പി.ഐ. ദേശീയതലത്തിൽ നടപ്പാക്കുന്ന നൈപുണ്യ വികസന പദ്ധതിയാണ് ‘STPI Skill Up’. രാജ്യത്തുടനീളമുള്ള 73 കേന്ദ്രങ്ങളുടെയും 26 സെന്റർ ഓഫ് എന്റർപ്രണർഷിപ്പുകളുടെയും (CoEs) സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി, പ്രത്യേകിച്ച് ടയർ-2, ടയർ-3 നഗരങ്ങളിലെ ഉദ്യോഗാർത്ഥികളുടെ തൊഴിൽനൈപുണ്യം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അക്കാദമിക് അറിവും വ്യവസായ മേഖലയുടെ ആവശ്യകതകൾക്കനുസരിച്ചുള്ള പ്രായോഗിക നൈപുണ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി പരിശീലന പങ്കാളികളായ SAHAYAKs മുഖേന ആറു മുതൽ 24 ആഴ്ച വരെ ദൈർഘ്യമുള്ള വിവിധ പരിശീലന പരിപാടികൾ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

ഇതിന്റെ ഭാഗമായി, സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് ‘Certified Cyber Security Analyst’ എന്ന പരിശീലന പരിപാടിക്ക് തുടക്കമിടുന്നു. കേരള സർക്കാരിന്റെ ഐ.ടി. നൈപുണ്യ വികസന ഏജൻസിയായ ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ (ICTAK) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എസ്.ടി.പി.ഐ. കേന്ദ്രത്തിലാണ് കോഴ്സിന്റെ ഓഫ്‌ലൈൻ പരിശീലനം സംഘടിപ്പിക്കുന്നത്.

സൈബർ സുരക്ഷയുടെയും നെറ്റ്‌വർക്കിംഗിന്റെയും അടിസ്ഥാനതത്ത്വങ്ങൾ മുതൽ പ്രായോഗിക സുരക്ഷാ പരിശോധനകൾ വരെ ഉൾക്കൊള്ളുന്നതാണ് കോഴ്സ്. ലിനക്സ്, ക്രിപ്റ്റോഗ്രഫി, പെനട്രേഷൻ ടെസ്റ്റിംഗ്, വെബ് ആപ്ലിക്കേഷൻ സുരക്ഷ തുടങ്ങിയ മേഖലകളിൽ സമഗ്രമായ പരിശീലനം നൽകുന്നതിലൂടെ വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള മികവുറ്റ സൈബർ സുരക്ഷാ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് ലക്ഷ്യം.

എഞ്ചിനീയറിംഗ് അല്ലെങ്കിൽ സയൻസ് ബിരുദധാരികൾക്കും ഏതെങ്കിലും എഞ്ചിനീയറിംഗ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ യോഗ്യതയുള്ളവർക്കും കോഴ്സിലേക്ക് അപേക്ഷിക്കാം. ബിരുദ പഠനം പൂർത്തിയാക്കി ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

വിദഗ്ധരുടെ നേതൃത്വത്തിൽ പൂർണമായും ഓഫ്‌ലൈൻ രീതിയിൽ നടത്തുന്ന പരിശീലന പരിപാടിക്ക് 500 മണിക്കൂർ ദൈർഘ്യമുണ്ട്. നാലു മാസത്തെ പരിശീലനത്തിനൊപ്പം ഒരു മാസത്തെ ഇന്റേൺഷിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യവസായ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്ന Nmap, Wireshark, Metasploit തുടങ്ങിയ സൈബർ സുരക്ഷാ ഉപകരണങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനൊപ്പം, Vulnerability Assessment and Penetration Testing (VAPT) അടിസ്ഥാനമാക്കിയുള്ള ക്യാപ്‌സ്റ്റോൺ പ്രോജക്ടും കോഴ്സിന്റെ പ്രധാന സവിശേഷതയാണ്.

സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നേടുന്നതിനുള്ള അവസരമുണ്ടാകും. കൂടാതെ, LinkedIn Learning, Unstop എന്നീ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രീമിയം ആക്സസ്, വ്യവസായ മേഖലയിലെ പ്രമുഖർ നയിക്കുന്ന പ്രത്യേക സെഷനുകൾ, കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തൊഴിൽ നേടുന്നതിനുള്ള പ്ലേസ്മെന്റ് പിന്തുണ എന്നിവയും ലഭ്യമാക്കും.

താൽപര്യമുള്ള വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും 2026 ഒക്ടോബർ 25-ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +91 94 000 63499 എന്ന ഫോൺ നമ്പറിലോ ictaksupport4@ictkerala.org, info@ictkerala.org എന്നീ ഇമെയിൽ വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി https://ictkerala.org/op/stpi-csa or https://skillup.stpi.in/ സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *