
കൊച്ചി: ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഓഡി ഇന്ത്യയിൽ പുതിയ ഓഡി Q3 അവതരിപ്പിച്ചു. ഓൺലൈനായും ഡീലർഷിപ്പുകൾ വഴിയും ഒരു ലക്ഷം രൂപ നൽകി ബുക്കിംഗ് ആരംഭിക്കാം. വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില 51,99,000 രൂപയാണ്. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റമുള്ള 2.0 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിൽ നൽകിയിരിക്കുന്നത്. നൂതന ഡിജിറ്റൽ സംവിധാനങ്ങൾ, ആധുനിക ലൈറ്റിങ് സാങ്കേതികവിദ്യ, കൂടുതൽ യാത്രാസുഖം എന്നിവ ഒത്തുചേരുന്ന കോംപാക്ട് ആഡംബര എസ്യുവിയാണിത്. പനോരമിക് ഡിജിറ്റൽ ഡിസ്പ്ലേ, ഹെഡ്-അപ്പ് ഡിസ്പ്ലേ, സോണോസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയാണ് ക്യാബിനിലെ പ്രധാന ആകർഷണങ്ങൾ.
ഛത്രപതി സംഭാജിനഗറിലെ നിർമാണശാലയിൽ പ്രാദേശികമായാണ് അസംബിൾ ചെയ്യുന്നത്. പുതിയ ക്യു3യിൽ മൈക്രോ-എൽഇഡി സാങ്കേതികവിദ്യയുള്ള ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്ലൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ഡേടൈം റണ്ണിങ് ലൈറ്റ് സിഗ്നേച്ചറുകളും മൂന്ന് രീതിയിലുള്ള ഡൈനാമിക് ലൈറ്റ് സീക്വൻസുകളും ഇതിലുണ്ട്. സേജ് ഗ്രീൻ, മിത്തോസ് ബ്ലാക്ക്, ഗ്ലേസിയർ വൈറ്റ്, നവാറ ബ്ലൂ, തംബോറ ഗ്രേ എന്നീ അഞ്ച് നിറങ്ങളിലും വാഹനം ലഭ്യമാകും. ടാമറിൻഡ് ബ്രൗൺ, പെർഗമെന്റ് ബീജ് എന്നീ രണ്ട് നിറങ്ങളാണ് ഇന്റീരിയറിൽ ഉൾപ്പെടുന്നത്.
