Home » Blog » Kerala » ​’എന്നെ ചായ കുടിക്കാൻ കൊണ്ടുപോകുന്ന ഒരേയൊരു സുഹൃത്ത്’; ഉണ്ണി മുകുന്ദനെക്കുറിച്ച് മനസ്സ് തുറന്ന് പ്രാചി തെഹ്‌ലാൻ
images (25)

നടൻ ഉണ്ണി മുകുന്ദനുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഹൃദ്യമായ കുറിപ്പുമായി നടി പ്രാചി തെഹ്‌ലാൻ. ‘മാമാങ്കം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ തുടങ്ങി ഏഴുവർഷത്തിലെത്തി നിൽക്കുന്ന തങ്ങളുടെ സുന്ദരമായ സൗഹൃദ ഓർമ്മകളാണ് പ്രാചി ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്. സ്ക്രീനിന് പുറത്ത് കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത കണ്ണുകളിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ഉണ്ണിയെന്ന് പ്രാചി കുറിച്ചു.

 

2018-ൽ ‘മാമാങ്കം’ സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് ‘ചാണക്യതന്ത്രം’ എന്ന സിനിമയിലെ ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള പോസ്റ്റർ പ്രാചി കാണുന്നത്. വളരെ പുതുമയുള്ളതും മനോഹരവുമായി തോന്നിയ ആ ചിത്രം മനസ്സിൽ പതിഞ്ഞു. തൊട്ടടുത്ത വർഷം മാമാങ്കത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ചാണ് ഇരുവരും നേരിട്ട് കാണുന്നതും സൌഹൃദത്തിലാകുന്നതും. സെറ്റിൽ വെച്ച് തന്നോട് വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കാൻ കഴിഞ്ഞ ഒരാളെ കിട്ടിയത് സൗഹൃദം വേഗത്തിലാക്കാൻ സഹായിച്ചെന്ന് പ്രാചി ഓർക്കുന്നു. അന്ന് കണ്ട അതേ ഉണ്ണിയാണ് ഇന്നും.

 

ചിലർക്ക് അവൻ ശാഠ്യക്കാരനായിരിക്കാം. എന്നാൽ എന്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ, സ്‌ക്രീനിന് പുറത്ത് കുട്ടിത്തം നിറഞ്ഞ നിഷ്‌കളങ്കത എപ്പോഴും കാത്തുസൂക്ഷിക്കുന്ന സുഹൃത്താണവൻ. യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വപ്രയത്നത്താൽ സ്വന്തം പേര് കെട്ടിപ്പടുത്ത ഒന്നാം തലമുറ നടനാണ് ഉണ്ണി. അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഏറ്റവും ചെറിയ കാര്യങ്ങൾക്ക് പോലും ഒരുമിച്ച് പൊട്ടിച്ചിരിക്കാനും, ഒട്ടും വിരസതയില്ലാതെ മണിക്കൂറുകളോളം സംസാരിക്കാനും തങ്ങൾക്ക് സാധിക്കാറുണ്ട്. തനിക്ക് ഏറെ പ്രിയപ്പെട്ട ‘ടീ ഡേറ്റുകൾക്ക്’ കൊണ്ടുപോകുന്ന ഏക സുഹൃത്ത് ഉണ്ണിയാണെന്നും പ്രാചി വെളിപ്പെടുത്തി.

 

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ പുതിയ ചുവടുവെപ്പുകൾക്ക് എല്ലാവിധ ആശംസകളും നേർന്ന പ്രാചി, ഈ വഴിയിൽ ഒട്ടേറെ വെല്ലുവിളികൾ ഉണ്ടാകുമെന്നറിയാമെന്നും എന്നാൽ താൻ എപ്പോഴും കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി. പുഞ്ചിരിയോടെ ജനങ്ങളെ എന്നും വിനോദിപ്പിക്കാൻ തന്റെ ഈ ‘സൂപ്പർമാന്’ കഴിയട്ടെ എന്ന് ആശംസിച്ചാണ് പ്രാചി കുറിപ്പ് അവസാനിപ്പിച്ചത്. ‘മാമാങ്കം’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് പ്രാചി മലയാളികൾക്ക് സുപരിചിതയായത്. ഒരു മികച്ച അഭിനേത്രി എന്നതിലുപരി ഒരു മുൻ ദേശീയ കായികതാരം കൂടിയാണ് ഈ ഡൽഹിക്കാരി. 2010-11 കാലഘട്ടത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ദേശീയ നെറ്റ്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു പ്രാചി. കൂടാതെ ബാസ്‌കറ്റ്ബോളിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.