
ന്യൂഡല്‍ഹി: തന്നെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയോ തലങ്കലില് വെയ്ക്കുകയോ ആയിരുന്നില്ല മറിച്ച് കിഡ്നാപ്പ് ചെയ്യുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി യൂട്യൂബര്‍ ധ്രുവ് റാഠി. എക്സില്‍ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്. തന്റെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉയര്‍ത്തി ധ്രുവ് വിമര്‍ശനങ്ങള്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ധ്രുവ് കസ്റ്റഡിയിലാവുന്നത്. 24 മണിക്കൂര്‍ ധ്രുവ് റാഠിയെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ന് രാവിലെ വിട്ടയക്കുകയായിരുന്നു. ധ്രുവ് റാഠിയുടെ ജര്‍മ്മന്‍ പൗരത്വം ഉയര്‍ത്തിക്കാട്ടി വലതുപക്ഷ ഹാന്‍ഡിലുകള്‍ കസ്റ്റഡിയെ ന്യായീകരിച്ചിരുന്നു. എന്നാല്‍ താന്‍ ഇന്ത്യന്‍ പൗരനാണെന്ന് ധ്രുവ് വ്യക്തമാക്കി. രാവിലെ വീടിന്റെ വാതില്‍ തുറന്നപ്പോള്‍ ആയുധധാരികളായ ആളുകളായിരുന്നു ഉണ്ടായിരുന്നത്. പൊലീസ് അല്ലെന്നും ധ്രുവ് റാഠി പറയുന്നു.
ഒന്നും പറയാന്‍ തന്നെ സമ്മതിച്ചില്ല. നെയിം പ്ലേറ്റ് പോലും ഇല്ലാത്തവരാണ് വന്നത്. ക്രിമിനലിനെ പോലെ പെരുമാറി. ചെരുപ്പിടാന്‍ പോലും സമയം നല്‍കിയില്ല. 50 ലധികം ഗുണ്ടകളാണ് വന്നത്. അഭിഭാഷകരെ വിളിക്കാന്‍ പോലും സമ്മതിച്ചില്ലെന്നും ധ്രുവ് റാഠി വീഡിയോയിലൂടെ വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ധ്രുവ് റാഠിയെ വിട്ടയച്ചത്. ജന്തര്‍ മന്തറിലേക്ക് വരരുതെന്ന നിര്‍ദ്ദേശം നല്‍കിയാണ് വിട്ടയച്ചിരിക്കുന്നത്. ഗുരുഗ്രാം പൊലീസ് കസ്റ്റഡിയില്‍ നിന്നാണ് വിട്ടയച്ചത്. ഇന്നലെയാണ് ഗുരുഗ്രാമിലെ വീട്ടില്‍ നിന്ന് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
