
ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ മുന്ദ്വ മുനിസിപ്പാലിറ്റി അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. 25 അംഗ മുനിസിപ്പാലിറ്റിയിൽ 10 കൗൺസിലർമാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപിക്ക് അധ്യക്ഷ പദവി നഷ്ടമായി. പാർട്ടി ഔദ്യോഗികമായി സ്ഥാനാർഥിയാക്കിയ ഗീതാ ദേവിക്ക് ലഭിച്ചത് പൂജ്യം വോട്ട്. ആർഎൽപി സ്ഥാനാർഥി അൽകാ ദേവി കൻഡോയിയാണ് അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിന്റെ പിന്തുണയോടെയാണ് അവർ മത്സരിച്ചത്. സ്വതന്ത്ര സ്ഥാനാർഥി ഘനശ്യാം സദാവത്തിനെ 13–12 എന്ന നിലയിൽ പരാജയപ്പെടുത്തിയാണ് കൻഡോയി അധ്യക്ഷ പദവി സ്വന്തമാക്കിയത്.
മുന്ദ്വ മുനിസിപ്പാലിറ്റിയിലെ 25 വാർഡുകളിൽ ബിജെപി 10 സീറ്റുകളാണ് നേടിയത്. ആർഎൽപി ഏഴ് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലും സ്വതന്ത്രർ അഞ്ച് സീറ്റുകളിലും വിജയിച്ചിരുന്നു. എന്നാൽ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 10 കൗൺസിലർമാരിൽ ഒരാൾ പോലും പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിയായ ഗീതാ ദേവിക്ക് വോട്ട് ചെയ്തില്ല.
അധ്യക്ഷ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ആർഎൽപിയും ധാരണയിലെത്തുകയായിരുന്നു. ഇരുകക്ഷികളും ചേർന്ന് അൽകാ ദേവി കൻഡോയിയെ പിന്തുണച്ചു. കോൺഗ്രസിന് മൂന്ന് കൗൺസിലർമാരും ആർഎൽപിക്ക് ഏഴ് കൗൺസിലർമാരുമുള്ളതിനാൽ ഇരുകക്ഷികൾക്കും ചേർന്ന് 10 വോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കൻഡോയിക്ക് ആകെ 13 വോട്ടുകൾ ലഭിച്ചു. അതായത് കോൺഗ്രസ്- ആർഎൽപി കൗൺസിലർമാരുടെ സംയുക്ത അംഗബലത്തേക്കാൾ മൂന്ന് വോട്ട് അധികം. സ്വതന്ത്ര സ്ഥാനാർഥി ഘനശ്യാം സദാവത്ത് 12 വോട്ടുകൾ നേടി. ഇതോടെ വെറും ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് കൻഡോയി അധ്യക്ഷയായത്.
ബിജെപി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സദാവത്ത് സ്വതന്ത്ര സ്ഥാനാർഥിയായി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇതിന് മുമ്പ് ബിജെപി ടിക്കറ്റിൽ കൗൺസിലറായി അദ്ദേഹം വിജയിച്ചിരുന്നു. രാജസ്ഥാൻ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജ്യോതി മിർധയുടെ വ്യക്തിഗത ഉപദേഷ്ടാവായും സദാവത്ത് പ്രവർത്തിച്ചിരുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി ഗീതാ ദേവിയെ സ്ഥാനാർഥിയാക്കിയപ്പോഴാണ് സദാവത്തിന് പാർട്ടി ടിക്കറ്റ് ലഭിക്കാതിരുന്നത്. തുടർന്ന് അദ്ദേഹം സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഒടുവിൽ 12 വോട്ട് നേടിയ സദാവത്തിന് ഒരു വോട്ടിന്റെ വ്യത്യാസത്തിലാണ് അധ്യക്ഷ പദവി നഷ്ടമായത്.
25 അംഗ മുനിസിപ്പാലിറ്റിയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നിട്ടും അധ്യക്ഷ സ്ഥാനാർഥിക്ക് പൂജ്യം വോട്ട് ലഭിച്ചതും, കോൺഗ്രസ്-ആർഎൽപി സഖ്യത്തിന്റെ 10 അംഗബലത്തേക്കാൾ മൂന്ന് വോട്ട് അധികം അൽകാ ദേവിക്ക് ലഭിച്ചതുമാണ് മുന്ദ്വയിലെ തെരഞ്ഞെടുപ്പ് ഫലത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
