Home » Blog » Kerala » ഋതുരാജ് ഗെയ്ക്‌വാദ് പരാജയമെന്ന് മുൻ താരം; 18 കോടി മുടക്കിയത് വെറുതെയായെന്ന് ആഞ്ഞടിച്ച് മുൻ ചീഫ് സെലക്ടർ
RITURAJ-680x450

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണറും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് രംഗത്തെത്തി. തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശ്രീകാന്ത് സിഎസ്‌കെ മാനേജ്‌മെന്റിന് മുന്നിൽ നിർണ്ണായകമായ ഈ നിർദ്ദേശം വെച്ചത്.

 

മോശം ഫോമിലുള്ള റുതുരാജിനെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്നും വരാനിരിക്കുന്ന മെഗാ ലേലത്തിൽ വളരെ കുറഞ്ഞ തുകയ്ക്ക് അദ്ദേഹത്തെ തിരികെ വാങ്ങാൻ ശ്രമിക്കുന്നതാവും ടീമിന് ഗുണകരമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. മെഗാ ലേലത്തിന് മുന്നോടിയായി 18 കോടി രൂപയ്ക്കാണ് റുതുരാജിനെ ചെന്നൈ നിലനിർത്തിയിരുന്നത്. എന്നാൽ ഈ സീസണിൽ കളിച്ച 14 മത്സരങ്ങളിൽ നിന്ന് വെറും 28.08 ശരാശരിയിലും 123.44 സ്ട്രൈക്ക് റേറ്റിലും 337 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

 

ബാറ്റിംഗിന് പുറമെ ക്യാപ്റ്റൻ എന്ന നിലയിലും റുതുരാജ് ഈ സീസണിൽ പൂർണ്ണ പരാജയമായിരുന്നുവെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി. അവസാന മത്സരത്തിൽ റുതുരാജ് ടെസ്റ്റ് ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ബാറ്റ് ചെയ്തതെന്നും, ആ പന്തുകളിൽ കുറച്ചുകൂടി വേഗത്തിൽ റൺസ് നേടിയിരുന്നെങ്കിൽ ചെന്നൈക്ക് വിജയിക്കാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മോശം സീസൺ നോക്കി കളിക്കാരെ വിലയിരുത്തരുത് എന്ന വാദത്തെ തള്ളിക്കളഞ്ഞ ശ്രീകാന്ത്, പ്രൊഫഷണൽ ക്രിക്കറ്റിൽ വ്യക്തിബന്ധങ്ങൾക്കപ്പുറം ടീമിന്റെ പ്രകടനത്തിനാണ് മുൻഗണന നൽകേണ്ടതെന്നും വ്യക്തമാക്കി. 2021, 2023 സീസണുകളിൽ ചെന്നൈയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ചരിത്രമുണ്ടെങ്കിലും, നിലവിലെ പ്രകടനം തികച്ചും ദയനീയമാണെന്നാണ് ശ്രീകാന്തിന്റെ വിലയിരുത്തൽ. തുടർച്ചയായ മൂന്നാം സീസണിലാണ് സിഎസ്‌കെ ലീഗ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്.