Home » Blog » Kerala » “ഉറങ്ങാൻ പോലും കഴിയുന്നില്ല, കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന” – കീമോതെറാപ്പിക്കുശേഷമുള്ള അവസ്ഥ പങ്കുവെച്ച് രേണു സുധി
1

കീമോതെറാപ്പിക്ക് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകളും വേദനയും തുറന്നു പറഞ്ഞ് രേണു സുധി. ചികിത്സയുടെ ഭാഗമായി കടുത്ത വേദനയാണ് അനുഭവിക്കുന്നതെന്നും ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും രേണു പറഞ്ഞു. തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് ചികിത്സയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ രേണു പങ്കുവെച്ചത്.

കീമോതെറാപ്പിക്ക് ശേഷമുള്ള ദിവസങ്ങൾ ഏറെ പ്രയാസകരമാണെന്നും ഓരോ ഘട്ടവും വലിയ വെല്ലുവിളിയായാണ് കടന്നുപോകുന്നതെന്നും വീഡിയോയിൽ അവർ പറയുന്നു. ചികിത്സയോടുള്ള പ്രതീക്ഷ കൈവിടാതെ മുന്നോട്ടുപോകുകയാണെന്നും പ്രാർഥനയും പിന്തുണയും തുടരണമെന്ന് രേണു വീഡിയോയിലൂടെ അഭ്യർഥിച്ചു.

”നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാര്, എന്റെ ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ… എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്. പ്രത്യേകിച്ച് കരിഷ്‍മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം.

കീമോക്ക് മുന്നേ തുടയിൽ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. അത് ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവെക്കണം. മയങ്ങാനായി ഇഞ്ചെക്ഷൻ തന്നിരുന്നു. കീമോ കഴിഞ്ഞ് ഉയർന്നപ്പോൾ ക്ഷീണമായിരുന്നു. അതുകഴിഞ്ഞ് വീൽചെയറിൽ ഇരുത്തി എന്നെ വീട്ടിൽ കൊണ്ടുവന്നു. പിന്നെ എനിക്ക് തളർച്ചയാണ്. ശരീരം ആസകലം വേദനയാണ്. നടുവേദന, തലവേദന എനിക്കറിയില്ല എന്തൊക്കെയാണെന്ന്. ഓക്കാനവും വരുന്നുണ്ടായിരുന്നു. ഇന്നലെ വൈകീട്ട് എനിക്കൊരു ഇൻജക്ഷൻ എടുക്കാനുണ്ടായിരുന്നു. ആ ഇൻജക്ഷൻ എടുക്കാൻ ഞാൻ ചെന്നതും എടുത്തതും ഓർമയുണ്ട്. പിന്നെ തലകറങ്ങി വീണു. പിന്നീട് ഛർദ്ദിച്ച് അവശനിലയിലായി. വീട്ടിൽ വന്നാൽ ഉറങ്ങാൻ പറ്റത്തില്ല. അതുപോലെ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണിത്”, രേണു സുധി വീഡിയോയിൽ പറഞ്ഞു.