Home » Blog » Kerala » ഉദ്യോഗസ്ഥരെ ശത്രുക്കളായി കാണുന്നു, മണ്ണും കടലും സ്വകാര്യ കുത്തകകൾക്ക് വിൽക്കുന്നു; യു.ഡി.എഫിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ
pinarayi-vijayan-680x450

അസഹ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമ്പോഴാണ് പ്രതികരിക്കാൻ ജീവനക്കാർ നിർബന്ധിതരാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വലിയ സമരങ്ങൾ സംഘടിപ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും സംഘടനകൾക്കെതിരെയുള്ള നീക്കങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ പത്തുവർഷക്കാലം ജീവനക്കാർ പൂർണ്ണ തൃപ്തരായിരുന്നുവെന്നും, എന്നാൽ യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ കാര്യങ്ങൾ മാറിമറിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.

 

ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുകയും സർക്കാർ അവരെ ശത്രുക്കളായി കാണുകയുമാണ് ചെയ്യുന്നത്. വരുമാനത്തിന്റെ പ്രധാന ഭാഗം ജീവനക്കാർക്കായി ചെലവഴിക്കുന്നു എന്ന തരത്തിൽ ബോധപൂർവ്വമായ തെറ്റായ പ്രചാരണങ്ങളാണ് ജീവനക്കാർക്കെതിരെ അഴിച്ചുവിടുന്നത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വരും നാളുകൾ കൂടുതൽ പ്രയാസകരമാകുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

 

പി.എസ്.സി ആവശ്യമില്ലാത്ത റിക്രൂട്ട്മെന്റുകൾ നടത്തുന്നു എന്ന മുഖ്യമന്ത്രിയുടെ വാദം തികച്ചും തെറ്റാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി. സർക്കാർ അറിയിക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി നിയമന നടപടികൾ സ്വീകരിക്കുന്നത്. സംവരണ മാനദണ്ഡങ്ങളും റാങ്ക് ക്രമവും അനുസരിച്ചാണ് നിയമനങ്ങൾ നടക്കുന്നത്. ഇതിൽ മാറ്റം വരുത്തണമെങ്കിൽ വിവിധ വശങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

നിയമനങ്ങൾ വെട്ടിച്ചുരുക്കാനുള്ള നീക്കമാണോ നടക്കുന്നതെന്ന് ആശങ്കയുണ്ട്. മുൻപും യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമന നിരോധനം ഉണ്ടായിട്ടുണ്ട്. അഞ്ചുവർഷം കൂടുമ്പോൾ ശമ്പള പരിഷ്കരണം വേണ്ടെന്ന നിലപാടിലാണ് യു.ഡി.എഫ് സർക്കാർ. എൽ.ഡി.എഫ് പ്രഖ്യാപിച്ച ഡി.എ കുടിശ്ശിക നൽകുന്നില്ലെന്നും ലീവ് സറണ്ടറിലും ഇതേ നിഷേധാത്മക നിലപാടാണ് സർക്കാർ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ കെ.എ.എസിനോടും യു.ഡി.എഫ് സർക്കാരിന് വിരോധമാണെന്നും അത് ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെ.എ.എസിനെ ശക്തിപ്പെടുത്തുന്നതിന് പകരം കുഴിച്ചുമൂടുന്ന പരിഷ്കൃത സർക്കാരിന് ചേരാത്ത നടപടിയാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. എൽ.ഡി.എഫ് മുന്നോട്ടുവെച്ച ബദൽ നയത്തിലൂടെ എല്ലാ മേഖലയിലും പുരോഗതിയുണ്ടായപ്പോൾ, യു.ഡി.എഫ് നാടിന്റെ മണ്ണും കടലും വിഭവങ്ങളുമെല്ലാം സ്വകാര്യ കുത്തകകൾക്ക് വിൽക്കുകയാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *