Home » Blog » Kerala » ഉച്ചഭാഷിണിയിലൂടെയുള്ള അമിത ശബ്ദം ബുദ്ധിമുട്ടിലാക്കുന്നു; ക്ഷേത്രത്തിലെ രാത്രികാല സംഗീതത്തിനെതിരെ പരാതിയുമായി നടൻ അല്ലു സിരീഷ്
82454516

വീടിന് സമീപത്തെ ക്ഷേത്രത്തിൽ നിന്ന് രാത്രികാലങ്ങളിൽ അമിത ശബ്ദത്തിൽ സംഗീതം മുഴക്കുന്നതിനെതിരെ പരാതിയുമായി തെലുങ്ക് നടൻ അല്ലു സിരീഷ്. നടൻ അല്ലു അർജുന്റെ സഹോദരനുമായ അല്ലു സിരീഷ്, ഹൈദരാബാദ് ഷെയ്ഖാപേട്ടിലെ തന്റെ വസതിക്ക് സമീപമുള്ള ക്ഷേത്രത്തിൽ നിന്നുള്ള ശബ്ദമലിനീകരണത്തിനെതിരെയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. എക്സ് വഴി ഹൈദരാബാദ് പോലീസിനെ ടാഗ് ചെയ്തുകൊണ്ടാണ് താരം തന്റെ ദുരിതം പങ്കുവെച്ചത്.

 

അടുത്തുള്ള ഹനുമാൻ ക്ഷേത്രത്തിൽ നിന്നുള്ള ഉച്ചത്തിലുള്ള സംഗീതം കാരണം കഴിഞ്ഞ കുറേ ദിവസങ്ങളായി തനിക്കും പ്രദേശവാസികൾക്കും ഉറങ്ങാൻ പോലും സാധിക്കുന്നില്ലെന്ന് താരം വ്യക്തമാക്കുന്നു. വയോധികരും ചെറിയ കുട്ടികളും ജോലിക്ക് പോകുന്നവരുമെല്ലാം ഉള്ള പ്രദേശമാണിതെന്നും, അനുവദനീയമായ ഡെസിബെൽ പരിധികളും കവിഞ്ഞ് രാത്രി രണ്ട് മൂന്ന് മണിവരെ പാട്ടുകൾ വെക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. നേരത്തെ ഈ വിഷയത്തിൽ താൻ ഫിലിം നഗർ പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നുവെന്നും താരം വ്യക്തമാക്കി.

 

ഗണേഷ് നിമഞ്ജനം ആയതിനാൽ സെപ്റ്റംബർ 25 വരെ സഹിക്കണമെന്നാണ് അന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഫെസ്റ്റിവൽ കഴിഞ്ഞിട്ടും സംഗീതം അവസാനിക്കുന്നില്ലെന്നും, മുമ്പും പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ചൂണ്ടിക്കാണിച്ച താരം ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ഹൈദരാബാദ് പൊലീസിനോട് അഭ്യർത്ഥിച്ചു. താരത്തിന്റെ പോസ്റ്റിന് പിന്നാലെ മറുപടിയുമായി ഹൈദരാബാദ് പൊലീസും രംഗത്തെത്തിയിട്ടുണ്ട്. പ്രശ്നത്തിൽ ഉടൻ ഇടപെടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഫിലിം നഗർ പോലീസിന് നിർദ്ദേശം നൽകിയതായി പൊലീസ് ഔദ്യോഗികമായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *