
ലാഹോർ: ലഷ്‌കറെ തൊയ്ബ തലവനും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സഈദിന്റെ മകൻ ഹാഫിസ് തൽഹ സഈദ് പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ പുകഴ്ത്തി പ്രസംഗിക്കുന്ന വീഡിയോ പുറത്ത്. പാകിസ്ഥാനിലെ ഷെയ്ഖുപുരയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു തൽഹ സഈദിന്റെ വിവാദ പ്രസംഗം.
അസിം മുനീർ പാകിസ്ഥാൻ സൈന്യത്തിൽ ഈമാൻ, തഖ്‌വ, ജിഹാദ് തുടങ്ങിയ ആശയങ്ങൾ പുനരുജ്ജീവിപ്പിച്ചതായി തൽഹ സഈദ് അവകാശപ്പെട്ടു. വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ ഒരാൾ പാകിസ്ഥാന്റെ സൈനിക മേധാവിയും ഫീൽഡ് മാർഷലുമായി എത്തിയതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും ഇയാൾ പറഞ്ഞു.
പിന്നാലെ ഇന്ത്യക്കെതിരെ രൂക്ഷ പരാമർശങ്ങളും തൽഹ സഈദ് നടത്തി. ജീവിച്ചിരിക്കുന്നിടത്തോളം ഇന്ത്യക്കെതിരായ ‘ജിഹാദ്’ തുടരുമെന്ന് തങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്ന് ഇയാൾ പറഞ്ഞു. ഉപഭൂഖണ്ഡം 500 വർഷത്തോളം മുസ്‌ലിംകൾ ഭരിച്ചിരുന്നുവെന്നും ഡൽഹി ആരുടേതാണെന്ന് ഇന്ത്യയിലെ ഭരണാധികാരികൾ മറന്നുപോയോ? എന്നും ഇയാൾ ചോദിച്ചു.
ഇന്ത്യക്കെതിരായ പോരാട്ടത്തിന് വലിയ ത്യാഗങ്ങൾ സഹിക്കാൻ തങ്ങൾ തയ്യാറാണെന്നും തൽഹ സഈദ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം, നിരോധിത ലഷ്‌കറെ തൊയ്ബയുമായി ബന്ധമുള്ള വ്യക്തി പാകിസ്ഥാനിൽ പരസ്യമായി ഇത്തരം പ്രസംഗം നടത്തിയത് വീണ്ടും ചർച്ചയായിട്ടുണ്ട്. ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹാഫിസ് സഈദിന്റെ മകനാണ് തൽഹ സഈദ്. നിരോധിത ഭീകരസംഘടനയുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് പാകിസ്ഥാനിൽ പരസ്യമായി പ്രസംഗിക്കാനും ഇന്ത്യക്കെതിരെ ഭീഷണി മുഴക്കാനും കഴിയുന്നത് പാകിസ്ഥാന്റെ നിലപാടുകളെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
